വനിതാ തഹസില്‍ദാറെ ഓഫിസിലെത്തി തീക്കൊളുത്തിക്കൊന്നു
ഹൈദരാബാദ്: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ യുവാവ് വനിതാ തഹസില്‍ദാറെ ഓഫിസിനുള്ളില്വച്ച് തീക്കൊളുത്തിക്കൊന്നു. 35 കാരിയായ വിജയറെഡ്ഡിയാണ് മരിച്ചത്. തെലങ്കാന രംഗറെഡ്ഡി ജില്ലയില്‍ ഹയാത് നഗറിലെ അബ്ദുല്ലപൂര്മീട്ടില് ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഗൗറെല്ലിയിലെ സുരേഷ് എന്നയാളാണ് അക്രമിയെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
കൈയില്‍ ബാഗുമായി തഹസില്‍ദാറുടെ ഓഫിസിലെത്തിയ സുരേഷ് അരമണിക്കൂറോളം സമയം അവരുമായി സംസാരിച്ചിരിക്കുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും തുടര്‍ന്ന് ബാഗില്‍ ഒളിപ്പിച്ച കുപ്പിയിലെ പെട്രോള്‍ അവര്‍ക്കുമേല്‍ ഒഴിച്ച ശേഷം തീക്കൊളുത്തുകയുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
നിലവിളി കേട്ട് ഡ്രൈവറും കീഴ്ജീവനക്കാരും ഓടി വന്നപ്പോഴേക്കും രക്ഷിക്കാന്‍ കഴിയാത്തവിധം തീ ആളിപ്പടരുകയും അവര്‍ മരിക്കുകയും ചെയ്തതായി പൊലിസ് പറഞ്ഞു.
രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്കും രണ്ടുജീവനക്കാര്‍ക്കും സുരേഷിനും പൊള്ളലേറ്റു.
കൃത്യത്തിന് ശേഷം പൊള്ളലേറ്റ് അവശനായ സുരേഷ് തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനിലേക്കു പോവുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭൂമിയുടെ രേഖ സംബന്ധിച്ച തര്‍ക്കത്തില്‍ കോടതി ഉത്തരവുണ്ടായിട്ടും പലതവണ ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതില്‍ സുരേഷ് പ്രകോപിതനായിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നത്.
തെലങ്കാനയില്‍ ഏറ്റവും പുതുതായി രൂപീകരിച്ച താലൂക്കാണ് അബ്ദുല്ലാപൂര്മേട്ട്. ഈയടുത്താണ് വിജയറെഡ്ഡി ഇവിടെ തഹസില്‍ദാര്‍ ആയി ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."