യുവേഫ ചാംപ്യന്‍സ് ലീഗ്, ഇനിയാണ് അങ്കം
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇനിയാണ് ശരിയായ പോരാട്ടം. ഇതുവരെ നല്ല തുടക്കത്തിനായിരുന്നു ടീമുകള്‍ കളത്തിലിറങ്ങിയതെങ്കില്‍ രണ്ടാംപാദ മത്സരങ്ങള്‍ക്ക് ഇന്നോടെ തുടക്കം കുറിക്കുമെന്നതിനാല്‍ ഇനിയുള്ള ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണായകം. അതേസമയം, യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ മാമാങ്കം ഇടവേളയ്ക്ക് ശേഷം വീണ്ടും വിരുന്നെത്തുമ്പോള്‍ ആരാധകരുടെ ഇഷ്ട ടീമുകളായ ബാഴ്‌സലോണയും ലിവര്‍പൂളും ഇന്ന് കച്ചകെട്ടി ഇറങ്ങുന്നു.
ചെക്ക് ടീം സ്ലാവിയ പ്രാഹയാണ് ബാഴ്‌സയുടെ എതിരാളികള്‍. അതേസമയം, താരതമ്യേന ദുര്‍ബലരായ ജെന്‍കാണ് ലിവര്‍പൂളിനെ കാത്തിരിക്കുന്നത്. മറ്റു മത്സരങ്ങളില്‍ സെനിത്ത് ആര്‍.ബി ലീപ്‌സിഗിനെയും ചെല്‍സി അയാക്‌സിനെയും ഡോര്‍ട്ട്മുണ്ട് ഇന്ററിനെയും ലിയോണ്‍ ബെന്‍ഫിക്കയെയും നാപോളി സാല്‍സ്ബര്‍ഗിനെയും വലന്‍സിയ ലില്ലിയെയും നേരിടും.
സ്പാനിഷ് ലാലിഗയില്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും അവസാന മത്സരത്തില്‍ ലെവാന്റെയോട് 1-3ന് പരാജയപ്പെട്ട ക്ഷീണവുമായാണ് മെസ്സിപ്പട ഇന്ന് ബൂട്ട് കെട്ടുന്നത്. ആദ്യഘട്ട മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഗ്രൂപ്പ് എഫില്‍ ഏഴു പോയിന്റുമായി ഒന്നാമതുള്ള വീര്യം ബാഴ്‌സയ്ക്കുണ്ട്. ഈ ഒന്നാം സ്ഥാനം നിലനിര്‍ത്താനുറച്ചാവും ഇനി ടീമിന്റെ ഓരോ പ്രകടനവും. രണ്ടാമതുള്ള ഇന്ററുമായി മൂന്ന് പോയിന്റ് വ്യത്യാസം. അതേസമയം, കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും വെന്നിക്കൊടി നാട്ടാന്‍ കഴിയാത്ത വിഷമം സ്ലാവിയ പ്രാഹ ബാഴ്‌സയോടുള്ള മത്സരത്തില്‍ തീര്‍ക്കുമോ എന്ന് കാത്തിരുന്നു കാണണം. ലാലിഗയിലെ അവസാന മത്സരത്തില്‍ ബാഴ്‌സയ്ക്ക് പരാജയമാണെങ്കില്‍ ചെക്ക് ക്ലബിലെ അവസാന മത്സരത്തില്‍ വെന്നിക്കൊടി നാട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. പക്ഷേ, മത്സരം ക്യാംപ് നൗവിലാണെന്നതിനാല്‍ ബാഴ്‌സയെ നേരിടുക ടീമിന് ബാലികേറാമല തന്നെയാവും.
ലെവാന്റെയ്‌ക്കെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ച ജോര്‍ഡി ആല്‍ബ ഇന്ന് കളിക്കിറങ്ങുമ്പോള്‍ കഴിഞ്ഞ മത്സരത്തിലെ പരാജയത്തിലേക്ക് തള്ളിവിട്ട പ്രതിരോധം ഇന്ന് കൂടുതല്‍ കരുത്താവും.
സെമേഡോ വലതു വിങ്ങിലും ജെറാര്‍ഡ് പിക്വെ സെന്‍ട്രല്‍ ഡിഫന്‍സിലും സ്ഥാനം കണ്ടെത്തും. മധ്യനിരയില്‍ കഴിഞ്ഞ മത്സരങ്ങില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന അര്‍തുറോ വിദാലിനെ ബെഞ്ചിലിരുത്തി സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ഫ്രാങ്കി ഡി ജോങ്, ആര്‍തര്‍ എന്നിവരെ വാല്‍വെര്‍ഡെ കളത്തിലിറക്കാനാണ് സാധ്യത. എന്നാല്‍ പരുക്കേറ്റ ലൂയിസ് സുവാരസിന്റെ സ്ഥാനം ഗ്രീസ്മാന് നല്‍കുമെന്നാണ് കോച്ചിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ മെസ്സിയോടൊപ്പം ഉസ്മാനെ ഡെംബലെയേയും കളത്തിലിറക്കിയേക്കാം. ഡെംബലെയ്ക്ക് പകരം കൗമാര താരം അന്‍സു ഫത്തിക്കും സാധ്യതയുണ്ട്.
എന്നാല്‍ ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം കണ്ണുംനട്ടാണ് ലിവര്‍പൂള്‍ ജെന്‍കിനെതിരേ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയ നാപോളിയാണ് ടീമിന് വെല്ലുവിളിയായി ഒന്നാം സ്ഥാനം കൊണ്ടാടുന്നത്. നാപോളിക്ക് ഏഴും ലിവര്‍പൂളിന് ആറും പോയിന്റുകളാണുള്ളത്.
അതേസമയം, മൂന്ന് കളിയില്‍ ഒരു സമനില മാത്രം അക്കൗണ്ടിലുള്ള ജെന്‍ക് നാലാം സ്ഥാനത്താണ്. ഇവരെ സ്വന്തം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നേരിടാനൊരുങ്ങുമ്പോള്‍ ജയം മാത്രമാണ് ലിവര്‍പൂളിന്റെ ലക്ഷ്യം.
പ്രീമിയര്‍ ലീഗില്‍ ആസ്റ്റന്‍ വില്ലയ്‌ക്കെതിരായ മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സനേയും ജോര്‍ജിനിയോ വിജിനാള്‍ഡുവിനേയും പുറത്തിരുത്തി ഓക്‌സ്ലെയ്ഡ് ചാംപര്‍ലൈനേയും നബി കെയ്റ്റയേയും പരീക്ഷിക്കുമെന്ന സൂചനയാണ് കോച്ച് ജര്‍ഗന്‍ ക്ലോപ് പുറത്തുവിടുന്നത്.
ഇംഗ്ലീഷ് വമ്പന്‍മാരായ ചെല്‍സിയും ഡച്ച് അട്ടിമറികളായ അയാക്‌സും തമ്മിലുള്ള മത്സരമാണ് ഇന്നത്തെ മറ്റൊരു ഹൈലൈറ്റ്. ഗ്രൂപ്പ് ജിയില്‍ ഇരുവരും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മുന്നേറുമ്പോള്‍ വെറും ഗോള്‍ ശരാശരിയില്‍ മാത്രമാണ് അയാക്‌സ് ചെല്‍സിക്ക് പിന്നിലായി നില്‍ക്കുന്നത്. മൂന്ന് കളികളില്‍ നിന്നായി ആറ് പോയിന്റാണ് ഇരുടീമുകളുടേയും സമ്പാദ്യം. ഇന്നു ജയിച്ചാല്‍ ഒന്നാം സ്ഥാനത്തെത്താമെന്നതിനാല്‍ ഇരുടീമുകളുടേയും മത്സരവും ഇന്ന് ആരാധകരുടെ ആവേശത്തിന് ചുക്കാന്‍ പിടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."