ഉയിഗൂര്‍ വനിതകളുടെ കൂടെ കഴിയാന്‍ ചൈന ഉദ്യോഗസ്ഥരെ വിടുന്നു
ഉരുംഖി(സിന്‍ജിയാങ്): ഉയിഗൂര്‍ മുസ്‌ലിംകളെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്ന ചൈന ന്യൂനപക്ഷ വിഭാഗമായ ഉയിഗൂറുകളിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഹാന്‍ വംശജര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് ജയിലിലുള്ള ഉയിഗൂര്‍ മുസ്‌ലിം സ്ത്രീകളുടെ കൂടെ അന്തിയുറങ്ങാനായി ഭൂരിപക്ഷ വിഭാഗമായ ഹാന്‍ വംശത്തിലെ പുരുഷന്മാരെ ചൈന അയക്കുന്നതായി റേഡിയോ ഫ്രീ ഏഷ്യ (ആര്‍.എഫ്.എ)യാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഉയിഗൂര്‍ വീടുകളില്‍ പരിശോധന നടത്താനെന്ന പേരില്‍ വിടുന്ന ഈ ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ആറുദിവസം വരെ പുരുഷന്മാരില്ലാത്ത ആ വീടുകളില്‍ അന്തിയുറങ്ങുന്നുവെന്ന് കാസ്ഗറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയിഗൂറുകാരുടെ കൂടെ ജീവിച്ചും ഭക്ഷിച്ചും ഉറങ്ങിയും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അവരിലേക്ക് എത്തിക്കുകയും അവരെ മതവിരുദ്ധരാക്കുകയുമാണ് ലക്ഷ്യം. പലപ്പോഴും ഒരു കിടക്കയില്‍ ഒന്നോ രണ്ടോ പുരുഷന്മാര്‍ വരെ കിടക്കും. തണുപ്പുകാലത്ത് മൂന്നുപേര്‍ വരെ- റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കടുത്ത മതവിരുദ്ധത തുടരുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം 10 ലക്ഷം ഉയിഗൂര്‍ മുസ്‌ലിംകളെയാണ് തടവിലിട്ടിരിക്കുന്നത്. ഭര്‍ത്താവ് തടവറയിലായ മുസ്‌ലിം സ്ത്രീകളുടെ അടുത്തേക്ക് അന്യ പുരുഷന്മാരെ ശയിക്കാന്‍ വിട്ട് വംശഹത്യ നടത്തുന്ന പദ്ധതി 2017 മുതല്‍ ചൈനീസ് ഭരണകൂടം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജോടികളാവുക കുടുംബമാവുക' എന്ന പേരിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വംശീയ ഉന്മൂലനമാണ് ചൈനയുടെ ലക്ഷ്യമെന്ന് മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നു.
പുറത്തുനിന്നുള്ളവരോട് സംസാരിക്കാന്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ അവരുടെ ദുരിതങ്ങള്‍ ആരുമറിയുന്നില്ല. പടിഞ്ഞാറന്‍ ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ്ങിലാണിത്. മതപരമായ വിശ്വാസം മുറുകെപിടിക്കുന്ന ഉയിഗൂര്‍ മുസ്‌ലിംകളെല്ലാം ഭീകരരാണെന്നാണ് ചൈനയുടെ ആരോപണം. 'പുനര്‍വിദ്യാഭ്യാസ കേന്ദ്രം' എന്നു പേരിട്ടിരിക്കുന്ന തടവുകേന്ദ്രങ്ങളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
റേഡിയോ ഫ്രീ ഏഷ്യയില്‍ വന്ന ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണം തേടിയ ബിസിനസ് ഇന്‍സൈഡര്‍ ലേഖകനോട് പ്രതികരിക്കാന്‍ ലണ്ടനിലെയോ യു.എസിലെയോ ചൈനീസ് അംബാസഡര്‍മാര്‍ കൂട്ടാക്കിയില്ല.
ഉയിഗൂര്‍ മുസ്‌ലിംകളെ പോലെ കസാഖ് വിഭാഗവും കടുത്ത പീഡനത്തിന് ഇരയാവുന്നുണ്ട്. തടവുകാരില്‍ വൈദ്യശാസ്ത്ര പരീക്ഷണം നടത്തുന്നതും കൂട്ടബലാത്സംഗത്തിനിരയാക്കുന്നതും താന്‍ നേരില്‍ കണ്ടതായി സിന്‍ജിയാങ്ങിലെ തടവുകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ട കസാഖ് വനിത സൈരഗുല്‍ സൗയറ്റ്‌ബെ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
വിദേശ മാധ്യമപ്രവര്‍ത്തകരെ അടുപ്പിക്കാത്തതിനാല്‍ ടൂറിസ്റ്റുകളെന്ന വ്യാജേന പോയാണ് ആര്‍.എഫ്.എ റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."