കണ്ണൂര്‍ വിമാനത്താവളം: ഉയരെ പറക്കാന്‍ ടൂറിസം
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മലബാറിന്റെ വശ്യസൗന്ദര്യം ലോകത്തിന് മുന്നില്‍ തുറന്നിടാന്‍ അവസരമൊരുങ്ങുന്നു.
എയര്‍ലൈന്‍ സൗഹൃദ, ബിസിനസ് സൗഹൃദ, പാസഞ്ചര്‍ സൗഹൃദ വിമാനത്താവളമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കിയാല്‍ ടൂറിസം വികസനത്തിന് വന്‍സാധ്യതയാണ് തുറന്നിടുന്നത്.
വശ്യമനോഹരമായ ഒരു പ്രദേശമാക്കി വിമാനത്താവള പരിസരത്തെ മാറ്റി ആയുര്‍വേദ ഹെറിറ്റേജ് ടൂറിസം ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതി പ്രദേശത്ത് കിയാല്‍ സജ്ജമാക്കിയിട്ടുണ്ട്. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ പ്രദേശങ്ങളേറെയുണ്ടായിട്ടും യാത്രാസൗകര്യത്തിന്റെ കുറവാണ് ഉത്തരമലബാറിന്റെ ടൂറിസം വളര്‍ച്ചയെ മുരടിപ്പിച്ചത്. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളുടെയും മലബാറിന്റെയും ടൂറിസം സാധ്യതകള്‍ വിപുലമാകും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കായലുകളെ ബന്ധിപ്പിച്ചുള്ള മലബാര്‍ ക്രൂയിസ്, ബേക്കല്‍ പദ്ധതി, അന്താരാഷ്ട്ര ചരക്കുനീക്കം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകള്‍ ബന്ധിപ്പിച്ച് ഉത്തരമലബാറിനെ സംബന്ധിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രീതിയിലാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നത്.
ഉത്തര കേരളത്തിലെ മനോഹരമായ ബീച്ചുകള്‍, ബേക്കല്‍ കോട്ട, ഹോംസ്റ്റേകള്‍, ജലാശയങ്ങള്‍, മലനിരകള്‍, വയനാടന്‍ കാനനഭംഗി, തെയ്യം, കളരിപ്പയറ്റ് തുടങ്ങിയ കലകളും അറയ്ക്കല്‍ കൊട്ടാരം, ചരിത്രസ്മാരകങ്ങളും എന്നിവയെല്ലാം ടൂറിസത്തില്‍ പേരുകേട്ടതാണ്. മരം, പ്ലൈവുഡ്, ടെക്സ്റ്റയില്‍ മേഖലയില്‍ വലിയ പെരുമയാണ് കണ്ണൂരിനുണ്ടായിരുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ഇവ ക്രമേണ വളര്‍ച്ച മുടരിച്ച സ്ഥിതിയാണ്.
വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ചെറുകിട, വന്‍കിട വ്യവസായങ്ങളിലെല്ലാം വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടം തന്നെ 11 ലക്ഷത്തോളം അന്താരാഷ്ട്ര യാത്രികരെയും നാലു ലക്ഷത്തോളം ആഭ്യന്തര യാത്രക്കാരെയുമാണ് കിയാല്‍ പ്രതീക്ഷിക്കുന്നത്. കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, കാറ്ററിങ് എന്നിവയെല്ലാം ടെന്‍ഡര്‍ ക്ഷണിച്ച് പരിചയ സമ്പന്നരായ ഏജന്‍സികളെയാണ് ഏല്‍പ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."