പഴയകാല പ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങി ഷണ്‍മുഖം കനാല്‍
ഇരിങ്ങാലക്കുട: ഒരുകാലത്ത് കനോലി കനാല്‍ വഴി കൊച്ചി അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്കും അവിടെ നിന്ന് തിരിച്ചും ചരക്കുകള്‍ കൈമാറ്റം ചെയ്തിരുന്നത് ഷണ്‍മുഖം കനാലിലൂടെയുള്ള ജലപാത ഉപയോഗിച്ചായിരുന്നു. കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടിയാണ് കനാല്‍ നിര്‍മാണം നടത്തിയത്. പിന്നീട് കര ഗതാഗതം സുഖമമായതോടെ ജല ഗതാഗതം കുറയുകയും കനാലിന്റെ പ്രസക്തി നഷ്ടപെടുകയുമായിരുന്നു. ഷണ്‍മുഖം കനാലിന്റെ പ്രാധാന്യം നഷ്ടപ്പെട്ടതോടെ കൈയേറ്റങ്ങള്‍ വ്യാപകമായി.
കാടുകയറിയും മലിനജലം ഒഴുകി എത്തിയും കനാല്‍ നശിക്കുകയും ചെയ്തതോടെ കനാലിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന എറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഷണ്‍മുഖം കനാല്‍ സംരക്ഷണവുമായി മുന്നോട്ടുവന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പെടുത്തി എഴുകോടി രൂപ ചെലവഴിച്ചാണ് കനാല്‍ നവീകരിക്കുന്നത്. അഡിഷണല്‍ ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍മാണ ചുമതല. പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളും ഇരിങ്ങാലക്കുട നഗരസഭ ഉള്‍പ്പെടുന്ന നാലു കിലോമീറ്റര്‍ പരിധിയിലുള്ള നിര്‍മാണ പ്രവൃത്തികള്‍ രണ്ടു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒന്നര കിലോമീറ്ററോളം ആഴം വര്‍ദ്ധിപ്പിച്ച് കനാലിലെ ചെളികോരി വശങ്ങളില്‍ നിക്ഷേപിച്ച് കരിങ്കല്‍ ഭിത്തി കെട്ടുന്ന പ്രവൃത്തികള്‍ കഴിഞ്ഞു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട നിര്‍മാണത്തില്‍ ഒരുകിലോമീറ്ററോളം നിര്‍മാണം പൂര്‍ത്തിയായി വരുന്നു. നാല് കിലോമീറ്ററോളം പണി പൂര്‍ത്തികരിച്ച് കെ.എല്‍.ഡി.സി കനാലില്‍ നിന്ന് വെള്ളമെത്തിച്ചാല്‍ ഷണ്‍മുഖം കനാലിന്റെ ജലലഭ്യത ഉറപ്പു വരുത്താനും സാധിക്കും.
കനാലിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ പടിയൂര്‍, പൂമഗലം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലക്ക് ഉണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സമീപത്തെ കര്‍ഷകര്‍ കൂടാതെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് രണ്ടു പഞ്ചായത്തുകളും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."