കേരളത്തില്‍ നിപ ബാധിച്ച് മരിച്ചത് 21 പേര്‍; സര്‍ക്കാരിന്റെ കണക്കുകള്‍ തള്ളി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ആകെ 23 നിപാബാധിതരുണ്ടായിരുന്നതായും ഇതില്‍ 21 പേര്‍ മരിച്ചതായും അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. സിസ്റ്റര്‍ ലിനിയല്ല, കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്താരാഷ്ട്ര പ്രശസ്തമായ മെഡിക്കല്‍ ജേര്‍ണലുകള്‍ ആയ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ് എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം 19 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 17 പേര്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപെട്ടു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരിലെ ഏക ആരോഗ്യപ്രവര്‍ത്തകയാണ് ലിനി.
ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത് രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ തിരിച്ചറിഞ്ഞുവെന്നതാണ്. മെയ് അഞ്ചിന് മരിച്ച സാബിത് ആണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന്‍ സാലിഹ് ആണ് രണ്ടാമത്തെ രോഗി. സാലിഹാണ് രോഗം തിരിച്ചറിയപ്പെടുന്ന ആദ്യരോഗിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കിലുള്ളത്. മെയ് 18നാണ് സാലിഹ് മരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മൊത്തം 23 പേര്‍ക്കാണ് നിപ രോഗബാധയുണ്ടായത്. ഇതില്‍ 21 പേര്‍ മരിച്ചു. സിസ്റ്റര്‍ ലിനി മാത്രമല്ല നിപ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക. കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് സ്റ്റാഫ്. മെയ് 19ാം തീയതിയാണ് ഈ സ്റ്റാഫ് മരിക്കുന്നത്. മെയ് 20ന് ലിനി മരിക്കുന്നു. രോഗം തിരിച്ചറിയപ്പെടുന്നതിന് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജ്. പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."