കൊടുങ്ങല്ലൂരില്‍ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കൊടുങ്ങല്ലൂര്‍: താലൂക്കിന്റെ തീരപ്രദേശത്ത് കടല്‍ക്ഷോഭം ശക്തമായി. വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടു.
മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. എറിയാട് പഞ്ചായത്തിലെ ലൈറ്റ് ഹൗസ് മുതല്‍ എവിലങ്ങ് കാര വാക്കടപ്പുറം വരെയുള്ള പ്രദേശത്താണ് കടലാക്രമണം രൂക്ഷമായത്. എറിയാട് ആറാട്ടുവഴി കടപ്പുറത്ത് ഇരുപതോളം വീടുകളില്‍ വെള്ളം കയറി.
മാരാത്ത് ബഷീര്‍, മാപ്പിളക്കുളത്ത് ബീവാത്തു, തെക്കിനിയത്ത് സുധീര്‍, പുത്തന്‍പറമ്പില്‍ മുഹമ്മദ്, തെക്കിനിയത്ത് ഷംസുദ്ദീന്‍, കുന്നുങ്ങല്‍ സോമന്‍ എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. എറിയാട് പേസസാര്‍ കടപ്പുറത്ത് പത്തോളം വീടുകളില്‍ വെള്ളം കയറി.
പള്ളത്ത് കയ്യും, പഴുപ്പറമ്പില്‍ അലി, പുത്തേഴത്ത് അബ്ദുറഹിമാന്‍ കുട്ടി, കല്ലുങ്ങല്‍ അലിക്കുഞ്ഞ്, പൊയിലിങ്ങല്‍ സുലൈമാന്‍, കാവുങ്ങല്‍ കദീജ, നെടുംപറമ്പില്‍ ഗിരീഷ് ,കല്ലുങ്ങല്‍ അബ്ദുള്ളക്കുട്ടി എന്നിവരുടെ വീടുകള്‍ വാസയോഗ്യമല്ലാതായി. ഈ കുടുംബങ്ങളെ മുനക്കല്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
എറിയാട് പഞ്ചായത്ത് പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ ദൂരം തീരദേശ റോഡ് കടലെടുത്തു. ഇവിടങ്ങളില്‍ നിരവധി വൈദ്യുതി പോസ്റ്റുകള്‍ നിലം പതിച്ചു. തീരപ്രദേശത്തെ തോടുകളും പുരയിടങ്ങളും നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്.
പലയിടങ്ങളിലും ശുദ്ധജല സ്രോതസുകള്‍ ഉപ്പുവെള്ളം കയറി മലിനമായി. കടല്‍ ഭിത്തി കടന്നെത്തിയ തിര ഏകദേശം നൂറ് മീറ്ററോളമെത്തി.
എടവിലങ്ങില്‍ കാരവാക്കടപ്പുറത്ത് കടലേറ്റം ശക്തമാണ്. റവന്യു ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."