മൂന്നാര്‍ നടപടികള്‍ അട്ടിമറിക്കാന്‍ നിഗൂഢ നീക്കം
തൊടുപുഴ: മൂന്നാര്‍ വിഷയത്തില്‍ തങ്ങളുടേതായ നിലപാടുകളുമായി സി.പി.എമ്മും സി.പി.ഐ യും രണ്ടു ചേരികളില്‍ നില്‍ക്കുമ്പോള്‍ നടപടികള്‍ എങ്ങുമെത്താതെ അകാലത്തില്‍ പൊലിയാന്‍ സാധ്യത.
കൈയേറ്റങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയ്്ക്കും തയ്യാറല്ലാത്ത റവന്യൂ ഉദ്യോഗസ്ഥനെ മൂന്നാറില്‍ നിന്നും സ്ഥലം മാറ്റിയേ പറ്റൂ എന്ന് സി.പി.എം നേതാക്കള്‍ വാശി പിടിക്കുമ്പോള്‍ റവന്യൂ വകുപ്പിന്റെ യശസ്സുയര്‍ത്തിയ ഉദ്യോഗസ്ഥനെ നിലനിര്‍ത്തിയേ തീരു എന്ന നിലപാടിലാണ് സി.പി.ഐ.
ഏതു തരത്തിലുള്ള ഒഴിപ്പിക്കല്‍ നടപടിക്കും ആദ്യം തന്നെ തടസ്സവുമായെത്തുന്ന സി.പി.എം നേതാക്കളുടെ ഇടപെടല്‍ മൂലം ഒഴിപ്പിക്കല്‍ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും സി.പി.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. അല്പം പ്രതിച്ഛായ മോശമായാലും വേണ്ടില്ല, ഒഴിപ്പിക്കല്‍ നടപടി ഏതു വിധേനയും നിലച്ചാല്‍ മതിയെന്ന നിലപാടില്‍ സി.പി.എം ഉറച്ചു നില്‍ക്കുമ്പോള്‍ ആ പാര്‍ട്ടിയുടെ തന്നെ എം.എല്‍.എ, എസ് രാജേന്ദ്രന്‍ ഈ നിലപാടിന് ഉറച്ച പിന്‍ബലമേകുകയാണ്.
മൂന്നാറില്‍ അവസാനം റവന്യൂ വകുപ്പ് ഒഴിപ്പിക്കാന്‍ ശ്രമിച്ച കെട്ടിടത്തിന്റെ മേലുള്ള നടപടിക്ക് തടസ്സവുമായെത്തിയ സി.പി.എം നിലപാട് യാതൊരു വിധത്തിലും ന്യായീകരിക്കത്തക്കതായിരുന്നില്ല. കാലാവധി കഴിഞ്ഞ സര്‍ക്കാറിന്റെ പാട്ടഭൂമി ഏറ്റെടുക്കുവാന്‍ പോലും സമ്മതിക്കാതെ കോടികള്‍ ആസ്തിയുള്ള റിസോര്‍ട്ട് ഉടമയുടെ പക്ഷം പിടിക്കാനാണ് സി.പി.എം ശ്രമിച്ചതെന്ന് ആക്ഷേപമുണ്ട്.
കൈയ്യേറ്റക്കാരുടെ സ്വാധീന വലയത്തിലുള്ള ചില സി.പി.ഐ നേതാക്കളും പ്രമുഖ കോണ്‍ഗ്രസ് നേതാവും നടപടിയ്ക്ക് എതിര് നിന്നിരുന്നു. ന്യായമായ സര്‍ക്കാര്‍ ഭൂമി പോലും ഏറ്റെടുക്കുവാന്‍ അനുവദിക്കാത്ത മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നിലപാട് ബാധിക്കുന്നത് ഒരു സര്‍ക്കാറിന്റെ തന്നെ പ്രവര്‍ത്തനങ്ങളെയും കെട്ടുറപ്പിനെയുമാണ്. ദേവികുളത്ത് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ പരസ്യമായി കൈയ്യേറ്റം ചെയ്തിട്ടു പോലും സി.പി.എം പ്രാദേശിക നേതാക്കളെ തൊടാനായില്ല.
മന്ത്രി എം.എം. മണിയാണ് ജില്ലയിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നത്. വന്‍കിട റിസോര്‍ട്ടുകളുടെ ഉടമകള്‍ സി.പി.എം നേതാക്കളോട് പുലര്‍ത്തുന്ന അടുപ്പമാണ് നടപടികളുടെ സമയത്ത് നേതാക്കള്‍ എത്തുവാന്‍ കാരണമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."