വൈക്കം കോടതി സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
വൈക്കം: തിരുവിതാംകൂര്‍ ചരിത്രത്തോടൊപ്പംതന്നെ പഴക്കമുള്ള വൈക്കത്തെ കോടതി സമുച്ഛയത്തിന്റെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. 14 കോടി രൂപചെലവഴിച്ച് നാലു നിലകളിലായാണ് സമുച്ഛയം നിര്‍മിക്കുന്നത്.
ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് വൈക്കത്തെ കോടതി. തിരുവിതാംകൂര്‍ രാജ്ഞി ആയിരുന്ന ലക്ഷ്മി ഭായി തമ്പുരാട്ടിയും ബ്രിട്ടീഷ് വൈസ്രോയി കേണല്‍ മണ്‍ട്രോയും ആണ് തിരുവിതാംകൂറില്‍ നിയമ പരിപാലനത്തിനായി കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതില്‍ ആദ്യത്തെ കോടതി പത്മനാഭപുരത്തും, രണ്ടാമത്തേത് തിരുവനന്തപുരത്തും, മൂന്നാമത്തേത് മാവേലിക്കരയിലും, നാലാമത്തേത് വൈക്കത്തുമാണ് സ്ഥാപിച്ചത്.
2006ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി ബാലകൃഷ്ണന്‍ പങ്കെടുത്ത 195-ാം വാര്‍ഷിക ആഘോഷവേളയില്‍ താന്‍ ആദ്യ കാലത്ത് കേസുകള്‍ വാദിച്ചിരുന്ന ഈ കോടതി പുതുക്കി പണിയുക എന്നത് തന്റെയും ആഗ്രഹമാണെന്ന് പ്രസ്താവിച്ചു കൊണ്ടാണ് കോടതി പുതുക്കി പണിയാന്‍ വാഗ്ദാനം നല്‍കിയത്. ആകെ തുകയുടെ 25 ശതമാനം സര്‍ക്കാര്‍ വഹിക്കും. പുതിയ കോടതി സമുച്ഛയം നിര്‍മിക്കുന്നതിനായി നിലവിലുള്ള കോടതി മാറ്റി സ്ഥാപിക്കാന്‍ ഇടം കിട്ടാതിരുന്നത് നിര്‍മാണത്തില്‍ കാലതാമസം വരുത്തി. ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ ഹാള്‍ കെട്ടിടത്തിലേക്ക് കോടതി മാറ്റി സ്ഥാപിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണത്തിന് തുടക്കമായത്.
നാലു നിലകളുള്ള കോടതി സമുച്ഛയത്തില്‍ താഴത്തെ നിലയില്‍ പാര്‍ക്കിങ് സൗകര്യത്തോടു കൂടിയ ബഹുനില മന്ദിരമാണ് നിര്‍മിക്കുന്നത്. പഴയകാല പ്രൗഢികളെല്ലാം ചരിത്രത്തിന്റെ ഓര്‍മകളായി മാറിയ കോടതി പിന്നീട് രണ്ട് വിഭാഗത്തില്‍ ഒതുങ്ങി. മജിസ്‌ട്രേറ്റ് കോടതിയും, മുന്‍സിഫ് കോടതിയും മാത്രമാണ് നിലവിലുള്ളത്. നാലു കോടതികള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. കുടുംബ കോടതിയും, എം.എ.സി.റ്റി കോടതിയും ഇവിടെ ലഭിച്ചാല്‍ നിലവില്‍ വൈക്കത്തുനിന്നും കുടുംബ ഭദ്രതയ്ക്കും, വാഹന അപകട ആനുകൂല്യങ്ങള്‍ക്കുമായി പാലാ, ഏറ്റുമാനൂര്‍, കോട്ടയം ഭാഗങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഇത്.
ഈ രണ്ടു വിഭാഗങ്ങള്‍ കൂടി വൈക്കത്തിനു ലഭിച്ചാല്‍ പഴയകാല പ്രൗഢിയിലേക്ക് പഴയ വൈക്കം കോടതിയെ തിരിച്ചുകൊണ്ടുവരാനാകും എന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങളും നിയമജ്ഞരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."