കാര്‍ വാടകക്കെടുത്തു വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
കൊടകര: കാര്‍ വാടകയ്ക്ക് എടുത്തു വ്യാജ ആര്‍.സി ബുക്ക് ഉണ്ടാക്കി വില്‍പന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ ആളൂര്‍ പൊലിസ് പിടികൂടി.
മുരിയാട് തട്ടാപറമ്പില്‍ ലിന്റോ (26), തിരുത്തിപ്പുറം പയ്യപ്പിള്ളി വീട്ടില്‍ ജിത്തു മൈക്കിള്‍ എന്നിവരെയാണ് ആളൂര്‍ എസ്.ഐ വി.വി വിമലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
മുരിയാട് സ്വദേശിയായ ജിനു ജോസഫ് എന്നയാളുടെ ഇന്നോവ കാര്‍ ഒരാഴ്ചത്തേക്ക് എന്നു പറഞ്ഞാണ് അയല്‍വാസിയായ ലിന്റോ കൊണ്ടുപോയത്. ഈ കാര്‍ 1,65,000 രൂപയ്ക്ക് സുഹൃത്തായ ജിത്തു മൈക്കിളിനു പണയം വയ്ക്കുകയായിരുന്നു. ഗ്രാഫിക് ഡിസൈന്‍ വര്‍ക്കു ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കുനിയാറ നിധീഷ് എന്നയാളെ കൊണ്ടു വ്യാജ ആര്‍.സി ബുക്ക് ഉണ്ടാക്കിച്ചാണ് ലിന്റോ കാര്‍ പണയപ്പെടുത്തിയത്. കാറില്‍ ഉണ്ടായിരുന്ന ആര്‍.സി ബുക്കിന്റെ കോപ്പിയെടുത്ത് അതിന്റെ മാതൃകയില്‍ ആര്‍.സി ബുക്ക് നിര്‍മിച്ച് പഴയ ആര്‍.സി ബുക്കിന്റോ ഹോളോഗ്രാം എടുത്ത് ഒട്ടിച്ച് ലാമിനേറ്റ് ചെയ്താണ് നിധീഷ് വ്യാജ ആര്‍.സി ബുക്ക് നിര്‍മിച്ചത്. ജിത്തു മൈക്കിള്‍ ഈ കാര്‍ എറണാകുളം സ്വദേശി റൈസലിനു 2,40,000 രൂപയ്ക്ക് മറിച്ച് പണയം വയ്ക്കുകയും റൈസല്‍ ആര്‍.സി ഓണറുടെ വ്യാജ ഒപ്പിട്ട് സെയില്‍ ലെറ്റര്‍ ഉണ്ടാക്കി തലശ്ശേരി ആര്‍.ടി.ഒ. ഓഫിസ് വഴി തലശ്ശേരിയിലുള്ള ഒരു സ്ത്രീക്ക് 3,80,000 രൂപയ്ക്ക് വില്‍ക്കുകയും ചെയ്തു.
സമയം കഴിഞ്ഞിട്ടും കാര്‍ മടക്കി ലഭിക്കാതെയായപ്പോള്‍ ജിനുജോസ് ലിന്റോയെ ഫോണില്‍ വിളിച്ചെങ്കിലും അയാള്‍ കാര്‍ മടക്കി നല്‍കാതിരുന്നതിനാല്‍ ആളൂര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ഒളിവിലായിരുന്ന പ്രതി ലിന്റോയെ ബംഗളൂരുവില്‍ നിന്നും ജിത്തുമൈക്കിളിനെ എറണാകുളത്തുനിന്നും പിടികൂടി. അന്വേഷണത്തില്‍ കാര്‍ തലശ്ശേരിയില്‍ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുണ്ടെന്ന് അറിഞ്ഞു കാറിനായി പൊലിസ് സംഘം അങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്.
പ്രതി ലിന്റോ മൂന്നു കിലോ കഞ്ചാവ് കൈവശംവച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയാണ്. ജിത്തുമൈക്കിള്‍ നിരവധി അടിപിടി കേസുകളില്‍ പ്രതിയാണ്. നിധീഷ് വ്യാജ ചാരായം നിര്‍മിച്ചു വ്യാജലേബലില്‍ വില്‍പന നടത്തിയ കേസിലെ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."