ഉരുട്ടിക്കൊലക്കേസ്: പ്രധാന സാക്ഷി കൂറുമാറി
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രധാന സാക്ഷി സുരേഷ് കൂറുമാറി. പ്രതി സ്ഥാനത്തുള്ള പൊലിസ് ഉദ്യോഗസ്ഥരെ തനിക്കറിയില്ലെന്ന് സുരേഷ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ മൊഴി നല്കി. അതേ സമയം കസ്റ്റഡി മര്‍ദനത്തില്‍ തന്നെയാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്ന് കേസില്‍ മാപ്പ് സാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണി മൊഴി നല്കി.
പ്രധാന സാക്ഷി സുരേഷ് ഇത് രണ്ടാം തവണയാണ് കൂറുമാറുന്നത്. സംഭവ ദിവസം ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനൊപ്പം പൊലിസ് കസ്റ്റഡിയില്‍ എടുത്ത ആളാണ് സുരേഷ്. കേസിലെ ദൃക്സാക്ഷിയും ഇയാളാണ്. അതിനാലാണ് സുരേഷിനെ സി.ബി.ഐ ഒന്നാം സാക്ഷിയാക്കിയത്. സി.ബി.ഐ അന്വേഷണത്തിന് മുന്‍പും സുരേഷ് കൂറുമാറിയത് വിവാദമായിരുന്നു. കേസില്‍ തങ്കമണിയുടെ വിസ്താരം പൂര്‍ത്തിയായി. 2005 സെപ്തംബര്‍ 27 നായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയില്‍ എടുത്ത ഉദയകുമാര്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."