എസ്.എം.എഫ് സ്വദേശി ദര്‍സ്: അപേക്ഷകള്‍ ജൂലൈ 10 വരെ സ്വീകരിക്കും
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടന്ന് വരുന്ന സ്വദേശി ദര്‍സുകള്‍ക്കുള്ള അപേക്ഷകള്‍ ജൂലൈ 10 വരെ സ്വീകരിക്കുമെന്ന് എസ്.എം.എഫ് ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അറിയിച്ചു. അപേക്ഷാ ഫോറങ്ങള്‍ സമസ്തയില്‍ നിന്നോ ചെമ്മാട് ദാറുല്‍ ഹുദായില്‍ നിന്നോ നേരിട്ടോ സമസ്തയുടെ വെബ് സൈറ്റില്‍ നിന്നോ ലഭ്യമാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സമസ്ത ഓഫിസിലോ ചെമ്മാട് ദാറുല്‍ ഹുദായിലോ എത്തിക്കേണ്ടതാണ്.
10ാം ക്ലാസ് കഴിഞ്ഞ സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതബോധം വളര്‍ത്തുകയും ഇസ്‌ലാമിക വ്യക്തിത്വവും ശീലങ്ങളും പരിശീലിപ്പിച്ചെടുക്കുകയുമാണ് സ്വദേശി ദര്‍സ് കൊണ്ട് ലക്ഷ്യമാക്കുന്നത്. പ്രത്യേകമായി തയാറാക്കിയ പാഠ്യപദ്ധതിയനുസരിച്ച് നടന്നു കൊണ്ടിരിക്കുന്ന ദര്‍സില്‍ ഖുര്‍ആന്‍, ഫിഖ്ഹ്, അഖീദ, സ്വഭാവ സംസ്‌കരണം, തസ്വവ്വുഫ് തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാന കാര്യങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മൂന്ന് വര്‍ഷത്തെ ദര്‍സ് പഠനത്തിന് ശേഷം ഹിസ്ബ്, മദ്‌റസാധ്യാപക പരിശീലനം തുടങ്ങിയവക്ക് സൗകര്യമുണ്ട്. നാല് വര്‍ഷം മുന്‍പ് തുടങ്ങിയസ്വദേശി ദര്‍സ് സംവിധാനം കേരളത്തില്‍ വിവിധ മഹല്ലുകളില്‍ നടന്നു വരുന്നുണ്ട്. ആഴ്ചയില്‍ നാല് ദിവസം മഗ്‌രിബ്, സുബഹി നിസ്‌കാരങ്ങള്‍ക്ക് ശേഷം നടക്കുന്ന ക്ലാസിന് പ്രാദേശിക മുഅല്ലിംകളാണ് നേതൃത്വം കൊടുക്കുന്നത്.
ദര്‍സ് സംബന്ധമായും പരീക്ഷ സംബന്ധമായുമുള്ള വിവരങ്ങള്‍ക്ക് 9961081443, 8606885003, 9495022785 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."