ജൂലൈ ഒന്നിന് വിള ഇന്‍ഷുറന്‍സ് ദിനാചരണം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും പുതുക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നിന് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും ദിനാചരണം നടക്കും.
ദിനാചരണ വേളയില്‍ കര്‍ഷകര്‍ക്ക്പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള അവസരമുണ്ടാകും. കൃഷി വകുപ്പ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ പദ്ധതിയില്‍ അംഗങ്ങളായിരിക്കണം. നഷ്ടപരിഹാര തുകയില്‍ ഇരട്ടിമുതല്‍ 13 ഇരട്ടി വരെ വര്‍ധനവ് വരുത്തിപദ്ധതി പുതുക്കിയിട്ടുണ്ട്.
വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവ കൊണ്ടുള്ള നാശനഷ്ടങ്ങള്‍ പരിധിയില്‍ വരും. ഒരു തെങ്ങിനു രണ്ടു രൂപയാണ് പ്രതിവര്‍ഷ പ്രീമിയം. തെങ്ങ് നശിച്ചാല്‍ നഷ്ടപരിഹാരമായി 2,000 രൂപ ലഭിക്കും. കറയെടുക്കുന്ന റബ്ബര്‍ മരത്തിന് ഒരു വര്‍ഷത്തേക്ക് രണ്ടു രൂപയാണ് പ്രീമിയം. റബ്ബര്‍ മരം പൂര്‍ണമായി നശിച്ചാല്‍ 1,000 രൂപയാണ് നഷ്ടപരിഹാരം. വാഴ ഒന്നിനു മൂന്നു രൂപയാണ് പ്രീമിയം. നട്ടു കഴിഞ്ഞാല്‍ അഞ്ചു മാസത്തിനുള്ളില്‍ വാഴ ഇന്‍ഷുരര്‍ ചെയ്യണം.
കുല വന്ന വാഴ നശിച്ചാല്‍ വ്യത്യസ്ത ഇനങ്ങള്‍ അനുസരിച്ച് 75 രൂപ മുതല്‍ 300 രൂപ വരെ നഷ്ടപരിഹാരമായി ലഭിക്കും. നെല്‍കൃഷിക്ക് 25 സെന്റിന് 25 രൂപയാണ് പ്രീമിയം.
നട്ട് ഒന്നര മാസത്തിനകമുള്ള നാശനഷ്ടത്തിന് 1,500 രൂപയും 45 ദിവസത്തിനു ശേഷമുള്ള നാശനഷ്ടത്തിന് 3,500 രൂപയും നഷ്ടപരിഹാരം ലഭിക്കും. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ നെല്‍കൃഷി ഇന്‍ഷുര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."