സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു: മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് മെഡി.കോളജില്‍ ത്രിതല കാന്‍സര്‍ സെന്ററും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള അത്യാധുനിക പഠനസൗകര്യങ്ങള്‍ അടങ്ങിയ ലക്ചര്‍ തിയറ്റര്‍ കോംപ്ലക്‌സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ കാന്‍സര്‍ രോഗികളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഓരോ വര്‍ഷവും സംസ്ഥാനത്ത് 50,000 അര്‍ബുദ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ഒരു ലക്ഷം പേരില്‍ 161 പുരുഷന്മാരും 165 സ്ത്രീകളും കാന്‍സര്‍ രോഗികളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി എന്നീ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ സെന്റര്‍ മലബാറിലെ അര്‍ബുദ രോഗികള്‍ക്ക് വലിയ ആശ്വാസമാണെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒരുവര്‍ഷം 80,000 രോഗികളാണ് കാന്‍സര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ഒ.പിയില്‍ എത്തുന്നത്.
ലഹരി വസ്തുക്കളുടെ വന്‍തോതിലുള്ള ഉപയോഗവും ക്രമംതെറ്റിയുള്ള ഭക്ഷണരീതിയും വ്യാപകമാകുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരവുമാണ് അര്‍ബുദ വ്യാപനത്തിന് പ്രധാന കാരണമാകുന്നത്. ഭക്ഷണകാര്യത്തില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും ഹോട്ടലുകള്‍ ആരോഗ്യദായകമായ ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ 44.5 കോടി രൂപ ചെലവില്‍ 15,000 ച. അടിയുള്ള കാന്‍സര്‍ സെന്ററില്‍ ഒരേസമയം 50 പേര്‍ക്ക് കീമോതെറാപ്പി നല്‍കാനാകും.
സര്‍ജിക്കല്‍ ഓങ്കോളജിയില്‍ രണ്ട് മോഡുലര്‍ തിയറ്ററുകളാണ് ഒരുക്കിയിരിക്കുന്നത്. പത്തുകോടി രൂപ ചെലവില്‍ അഞ്ചുനിലകളിലായാണ് 4722 ച. മീറ്റര്‍ വിസ്തൃതിയില്‍ ലക്ചര്‍ തിയറ്റര്‍ കോംപ്ലക്‌സ് നിര്‍മിച്ചിരിക്കുന്നത്. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച 12 പി.ജി വിദ്യാര്‍ഥികള്‍, മൂന്ന് സീനിയര്‍ റെസിഡന്റുമാര്‍ എന്നിവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വര്‍ണമെഡല്‍ വിതരണവും മികച്ച ഡോക്ടര്‍ക്കുള്ള സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രനുള്ള ഉപഹാര സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജ അധ്യക്ഷയായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ.റംലാ ബീവി, പ്രിന്‍സിപ്പല്‍ ഡോ.വി. രാജേന്ദ്രന്‍, ഡോ.ടി. അജയ്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."