അലനും താഹയ്ക്കുമെതിരേ സി.പി.എം നടപടി വൈകും
സ്വന്തം ലേഖകന്‍
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരേ പാര്‍ട്ടിതലത്തിലുള്ള നടപടി വൈകും. യു.എ.പി.എ ചുമത്തിയതിനെതിരേ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ധൃതിപിടിച്ച് നടപടി വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം. പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകരായ ഇരുവര്‍ക്കുമെതിരേ ധൃതി പിടിച്ച് നടപടിയെടുത്താല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയുടെ അടിയന്തര യോഗം വിലയിരുത്തി.
ജില്ലാ സെക്രട്ടറി പി. മോഹനന്റെ സാന്നിധ്യത്തിലാണ് അലനും താഹയും പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകള്‍ ഉള്‍പ്പെടുന്ന സൗത്ത് എ.സിയുടെ യോഗം ചേര്‍ന്നത്. സൗത്ത് ഏരിയാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കുന്നതാകും ഉചിതമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലും സി.പി.എമ്മിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഇരു കുടുംബങ്ങളെയും ബോധ്യപ്പെടുത്തിയതിന് ശേഷമായിരിക്കും ഇരുവര്‍ക്കുമെതിരേയുള്ള നടപടി. ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയതിനെതിരേ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍, അലന്റെയും താഹയുടെയും ബന്ധുക്കള്‍ എന്നിവര്‍ക്കൊപ്പം പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമുണ്ട്. ഇത് അവഗണിച്ച് തിടുക്കത്തില്‍ അച്ചടക്ക നടപടി കൈക്കൊണ്ടാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇരുവരുടെയും കുടുംബത്തിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായവും അംഗങ്ങള്‍ ഉയര്‍ത്തി. അതേസമയം, ഇരുവര്‍ക്കും തീവ്ര ഇടത് ആശയങ്ങളോട് ആഭിമുഖ്യമുണ്ടെന്നത് വസ്തുതയാണെന്നും യോഗം വിലയിരുത്തി. പാര്‍ട്ടി നടത്തിയ രഹസ്യാന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും ആശയ വ്യതിയാനം ബോധ്യമായ സാഹചര്യത്തിലാണ് അച്ചടക്ക നടപടിയെടുക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നല്‍കിയത്.
പൊലിസ് ചുമത്തിയ യു.എ.പി.എ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിക്കുമെന്നായിരുന്നു ബുധനാഴ്ച രാവിലെവരെ പാര്‍ട്ടിയുടെയും പ്രതികളുടെ കുടുംബത്തിന്റെയും പ്രതീക്ഷ. കേസ് പുനഃപരിശോധിക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു. ഇതിനു ശേഷവും യു.എ.പി.എ നിലനില്‍ക്കുമെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയും കോടതി ശരിവയ്ക്കുകയും ചെയ്തതോടെ യുവാക്കളെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലായി സി.പി.എം.
മുതിര്‍ന്ന പി.ബി അംഗം പ്രകാശ് കാരാട്ട് യു.എ.പി.എ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയതും നടപടി വൈകിപ്പിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചു. സംഘടനാ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."