മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; മുസ്‌ലിം സ്ഥാനാര്‍ഥികള്‍ നാമമാത്രം
ന്യൂഡല്‍ഹി: മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചവയില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ നാമമാത്രം. മുസ്‌ലിംകള്‍ പിന്തുണച്ചുവരുന്ന കോണ്‍ഗ്രസ് മൂന്നു മുസ്‌ലിം സ്ഥാനാര്‍ഥികളെ മാത്രം രംഗത്തിറക്കിയപ്പോള്‍ ബി.ജെ.പി ഒരാളെയാണ് സ്ഥാനാര്‍ഥിയാക്കിയത്.
മുസ്‌ലിം ഭൂരിപക്ഷ ബൂത്തുകളില്‍ 90 ശതമാനം മുസ്‌ലിംകളുടെയും വോട്ട് ഉറപ്പാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മിശ്രയുടെ രണ്ടു മാസം പഴക്കമുള്ള വിഡിയോ ദൃശ്യം പുറത്താകുകയും അതു വാര്‍ത്തയാകുകയും ചെയ്തതോടെ കോണ്‍ഗ്രസ് വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നാരോപിച്ചു ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്.
സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകാരനും സംവരണ വിഷയങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്ത അര്‍ജുന്‍ സിങ് സംസ്ഥാനത്തു മുഖ്യമന്ത്രിയായിരിക്കെയാണ് മുസ്‌ലിംകള്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കിയിരുന്നത്. സിങ്ങിന്റെ മുസ്‌ലിം അനുകൂല നിലപാട് ബി.ജെ.പിയെ സഹായിച്ചെന്നാണ് പല കോണ്‍ഗ്രസ് നേതാക്കളുടെയും വാദം.
ഇതേ തുടര്‍ന്നു മുസ്‌ലിംകളുടെ പാര്‍ട്ടിയല്ലെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പശുവിന്റെ മൂത്രം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ഗോശാല നിര്‍മിക്കും, പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരേയുള്ള നിയമത്തില്‍ ഭേദഗതി വരുത്തും തുടങ്ങിയ ഹിന്ദുത്വ നയങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ കോണ്‍ഗ്രസ്, സംഘ്പരിവാര്‍ വിമര്‍ശകനായ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിനെ പ്രചാരണ പരിപാടികളില്‍നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മധ്യപദേശ് ജനസംഖ്യയില്‍ ഒന്‍പതു ശതമാനത്തോളമാണ് മുസ്‌ലിംകള്‍. മുസ്‌ലിം സ്വാധീനമുള്ള പത്തു മണ്ഡലങ്ങളുണ്ട്. ഭോപ്പാല്‍ നോര്‍ത്തില്‍നിന്നു ജനവിധി തേടുന്ന ഫാത്വിമ സിദ്ദീഖിയാണ് ബി.ജെ.പി പട്ടികയിലെ ഏക മുസ്‌ലിം.
കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയായിരുന്ന റസൂല്‍ അഹമദ് സിദ്ദീഖിയുടെ മകളാണ് ഫാത്വിമ. സിറ്റിങ് എം.എല്‍.എ ആരിഫ് അഖീല്‍ (ഭോപ്പാല്‍ നോര്‍ത്ത്), ഹാമിദ് ഹാജി (ബുര്‍ഹാന്‍പൂര്‍), ആരിഫ് മസൂദ് (ഭോപ്പാല്‍ സെന്‍ട്രല്‍) എന്നിവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുസ്‌ലിം സ്ഥാനാര്‍ഥികള്‍.
കഴിഞ്ഞ തവണ ബി.ജെ.പി ഒന്നും കോണ്‍ഗ്രസ് അഞ്ചും മുസ്‌ലിംകള്‍ക്കു ടിക്കറ്റ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."