ആക്രമണം വ്യാപകം: സനാതന്‍ സന്‍സ്തയെ നിരോധിക്കുമെന്ന് കര്‍ണാടക
ന്യൂഡല്‍ഹി: തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിച്ചേക്കും. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരീ ലങ്കേഷ്, ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ പന്‍സാരെ, കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളിലും ഗോവ സ്‌ഫോടനങ്ങളിലും സനാതന്‍ സന്‍സ്തയാണ് പ്രതിസ്ഥാനത്തെന്നു വ്യക്തമായ സാഹചര്യത്തിലാണ് സംഘടനയെ നിരോധിക്കാന്‍ നീക്കം നടക്കുന്നത്.
അഞ്ചു വര്‍ഷം നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് സനാതന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നു കേസില്‍ ബംഗളൂരുവിലെ വിചാരണ കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിപരമായ കാരണങ്ങളില്ലാതെ സംഘടനയുടെ പ്രവര്‍ത്തകര്‍ ഗൗരീ ലങ്കേഷിനെ പിന്തുടര്‍ന്നുവെന്നും ഇതിനൊടുവിലാണ് കൊലപ്പെടുത്തിയതെന്നുമാണ് 9,235 പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നത്.
നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം ആദ്യം സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരേ സി.ബി.ഐ ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തിയിരുന്നു. ഈ കേസില്‍ ആറു പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. 2015 ഓഗസ്റ്റില്‍ കല്‍ബുര്‍ഗിയെ കൊലപ്പെടുത്താനുപയോഗിച്ച തോക്കുതന്നെയാണ് ഗൗരീ ലങ്കേഷിനെതിരേയും ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. 2009ലെ ഗോവ സ്‌ഫോടനക്കേസിലെ പ്രതികളായ സാരങ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരും ദബോല്‍ക്കര്‍ കേസിലെ പ്രതികളാണ്. ഒളിവില്‍ കഴിയുന്ന ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗോവയിലെയും മഹാരാഷ്ട്രയിലെയും വിവിധ സ്‌ഫോടനങ്ങള്‍ നടത്തിയതു സംഘടനയാണെന്നു സനാതന്‍ പ്രവര്‍ത്തകര്‍ ഒളികാമറ ഓപറേഷനില്‍ സമ്മതിച്ചിരുന്നു.
മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എസ്.ഐ.ടി) സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു ശുപാര്‍ശ ചെയ്‌തെങ്കിലും അതു തള്ളുകയായിരുന്നു. 2009ല്‍ മഡ്ഗാവില്‍ ബോംബ് സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സംഘടനയുടെ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് എ.ടി.എസ് അന്വേഷണം നടത്തിയെങ്കിലും ബി.ജെ.പിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കേസ് വഴിമുട്ടി.
അതേസമയം, സംഘടനയെ നിരോധിക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍, ഗൗരീ ലങ്കേഷിന്റെതുള്‍പ്പെടെയുള്ള കേസുകള്‍ ഭീകര പ്രവര്‍ത്തനമാണെന്ന് അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിക്കുകയും അതില്‍ സനാതന്‍ സന്‍സ്ത പ്രതിസ്ഥാനത്തുവരികയും ചെയ്ത സാഹചര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."