വരുന്നു, വീണ്ടും സോളാര്‍
എം. അപര്‍ണ#
കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ സോളാറിനു ശേഷം മറ്റൊരു സോളാര്‍ പദ്ധതിയുമായി വൈദ്യുതി വകുപ്പ്. ആഗോള താപനം കുറച്ച് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേല്‍ക്കൂര വഴി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സൗര പദ്ധതിക്കാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്. ആഗോളതാപന ഫലത്തെ നിയന്ത്രിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പുവരുത്തുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കുക, പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമാണ് സൗര പദ്ധതിയുടെ കാതല്‍.
മേല്‍ക്കൂരകളില്‍ വൈദ്യുതി വകുപ്പിന്റെ ചെലവില്‍ സൗരോര്‍ജ നിലയം സ്ഥാപിക്കും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിട ഉടമയ്ക്ക് സൗജന്യമായി നല്‍കും. ആവശ്യമെങ്കില്‍ നിശ്ചിത നിരക്കില്‍ തുക നല്‍കി ഉടമയ്ക്ക് മുഴുവന്‍ വൈദ്യുതിയും വാങ്ങാം. കെട്ടിട ഉടമയുടെ ചെലവില്‍ വൈദ്യുതി വകുപ്പ് സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയുമുണ്ട്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പണം നല്‍കി വൈദ്യുതി വകുപ്പ് വാങ്ങും.
25 വര്‍ഷത്തെ കരാറിലാണ് ഈ സൗരനിലയ പദ്ധതി നടപ്പാക്കുക. മൂന്നു വര്‍ഷം കൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് മേല്‍ക്കൂരകളില്‍ നിന്നാണ്. ഗാര്‍ഹിക-കാര്‍ഷിക മേഖലയില്‍നിന്ന് 150 മെഗാവാട്ടും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് 100 മെഗാവാട്ടും ആഭ്യന്തര സര്‍ക്കാര്‍ ഒഴികെയുള്ള കെട്ടിടങ്ങളില്‍നിന്ന് 250 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കും.
2019 ജനുവരി മുതല്‍ 2021 മാര്‍ച്ച് വരെയാണ് സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുക. 6000ത്തോളം അപേക്ഷകളാണ് ഇതുവരെ പദ്ധതിയിലേക്ക് എത്തിയിട്ടുള്ളത്. ഇതില്‍ പകുതിയും കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ നിന്നാണ്. തെക്കന്‍ ജില്ലകളില്‍നിന്ന് അപേക്ഷകള്‍ കുറവാണ്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നുണ്ട്.
ലോകത്ത് സോളാര്‍ വൈദ്യുതി ഉല്‍പാദനത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ 23,000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. 2022ഓടെ ദേശീയ തലത്തില്‍ ഒരു ലക്ഷം മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. മൊത്തം വൈദ്യുത ഉപയോഗത്തിന്റെ അഞ്ചു ശതമാനമെങ്കിലും സോളാറിലൂടെ വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥ. ഇതുകൂടി കണക്കിലെടുത്താണ് വൈദ്യുതി ബോര്‍ഡ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."