അഫ്ഗാനില്‍ താലിബാന് ആക്രമണം; 22 പൊലിസുകാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ താലിബാന് നടത്തിയ ഒളിയാക്രമണത്തില്‍ 22 പൊലിസുകാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഫറ പ്രവിശ്യയില്‍ ഞായറാഴ്ച ഉച്ചക്കുശേഷമാണ് ആക്രമണമുണ്ടായത്. പ്രവിശ്യ പൊലിസ് ഉപ തലവന്‍ ഉള്‍പ്പെടെ നാല് പൊലിസുകാര്‍ക്ക് പരുക്കേറ്റതായി പ്രവിശ്യ കൗണ്‍സില്‍ അംഗം ദാദുല്ല ഖനേഹ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു.
25 പൊലിസുകാര്‍ കൊല്ലപ്പെട്ടെന്നും നാലുപേര്‍ക്ക് പരുക്കേറ്റെന്നും താലിബാന് വക്താവ് ഖാരി യൂസുഫ് അഹ്മ്മദ് അവകാശപ്പെട്ടു. ഫറ നഗരത്തില്‍നിന്ന് ജുവൈന്‍ ജില്ലയിലേക്ക് പോവുകയായിരുന്ന പൊലിസ് വാഹനങ്ങളെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നെന്ന് പ്രവിശ്യ പൊലിസ് വക്താവ് പറഞ്ഞു.
വെള്ളിയാഴ്ച ഖോസ്റ്റിലെ സൈനിക താവളത്തില്‍ ഐ.എസിന്റെ നേതൃത്വത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 27 സൈനികര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015 മുതല്‍ അഫ്ഗാനില്‍ 30,000 സൈനികരും ഓഫിസര്‍മാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദി ആക്രമണം ശക്തമായിരിക്കെ 2019 ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."