കാടുകയറി നശിക്കുന്നു കായികസ്വപ്നം; സാമൂഹ്യവിരുദ്ധരുടെ താവളമായി സിന്തറ്റിക്ക് സ്റ്റേഡിയം
കേളകം: ലക്ഷങ്ങള്‍ മുടക്കിയ മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം കാടുകയറി നശിക്കുന്നു. കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറത്ത് കേരള സ്പോര്‍ട്സ് അതോറ്റിയുടെ സ്മൈല്‍ പദ്ധതി പ്രകാരം മലയോര മേഖലയിലെ ഏറ്റവും മികച്ചതും ആദ്യത്തേതുമായ 16 ലക്ഷം രൂപയോളം ചെലവിട്ട് നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്. 2015 ഏപ്രില്‍ 23ന് അന്നത്തെ കായികമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനശേഷം സ്റ്റേഡിയത്തെ അധികൃതര്‍ മറന്നു. വേലികളില്‍ കാടുകയറി, ബാസ്കറ്റ് ബോള്‍, വോളിബോള്‍ എന്നിവയുടെ പോസ്റ്റുകള്‍ തുരുമ്പെടുത്തു, കോര്‍ട്ടിനുള്ളില്‍ വരെ കാട് പരന്നു. ചുറ്റുമുള്ള ഇരുമ്പു വേലികള്‍ സാമുഹിക വിരുദ്ധര്‍ നശിപ്പിച്ചു. സ്റ്റേഡിയത്തിന്റെ അകവുംപുറവും മദ്യപന്മാരുടെ താവളമായി മാറി. കേളകം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് കായിക പ്രതിഭകള്‍ക്ക് ബാസ്കറ്റ് ബോള്‍, വോളിബോള്‍, ഷട്ടില്‍, തുടങ്ങി വിവിധ കായിക ഇനങ്ങള്‍ പരിശീലിക്കുകയെന്ന ഉദ്ദ്യേശത്തോടെ ഫഌഡ്ലിറ്റ് സംവിധാനത്തോടെയാണ് കോര്‍ട്ട് നിര്‍മിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നിര്‍മാണം പൂര്‍ത്തികരിച്ചത്. കോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയമാക്കുന്നതിന് തുടര്‍ നിര്‍മാണത്തിനായി 50 ലക്ഷം രൂപ അനുവദിക്കാമെന്ന് കോര്‍ട്ടിന്റെ ഉദ്ഘാടന സമയത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പില്‍ വരുത്താനുള്ള തുടര്‍ശ്രമം ഉണ്ടായില്ല. കോര്‍ട്ടിന്റെ പരിപാലനത്തിന് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. അധികൃതരുടെ അനാസ്ഥ മൂലം മലയോരത്തിന്റെ കായിക സ്വപ്നങ്ങളാണ് കാടുകയറി നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."