പെസഹയ്ക്കുള്ള നെല്ല്: അടുക്കളത്തോട്ടത്തില്‍ വിളയിക്കാനൊരുങ്ങി അമ്പലവയല്‍ ഇടവകയും
കല്‍പ്പറ്റ: പെസഹ അപ്പത്തിനുള്ള നെല്ല് അടുക്കളത്തോട്ടത്തില്‍ വിളയിക്കാനൊരുങ്ങി അമ്പലവയല്‍ ഇടവകയും.
കൊളവയല്‍ സെന്റ് ജോര്‍ജ് ഇടവകയ്ക്കു പിന്നാലയാണ് പെസഹ അപ്പത്തിനുള്ള നെല്ല് അടുക്കളത്തോട്ടത്തില്‍ ജൈവരീതിയില്‍ വിളയിക്കാന്‍ അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍സ് ഇടവകയും ഒരുങ്ങിയത്. ഇതിന്റെ ഭാഗമായി 300 കുടുംബങ്ങള്‍ക്കു പതിനഞ്ചു വീതം ഗ്രോബാഗുകളില്‍ പാകുന്നതിനു ആവശ്യമായ പെല്ലറ്റുകളുടെ വിതരണവും നടന്നു. 490 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. നെല്‍കൃഷിക്കായി കെട്ടിനാട്ടി മുറ വികസിപ്പിച്ച ഫാര്‍മര്‍ സയന്റിസ്റ്റ് അമ്പലവയല്‍ മാളിക കുന്നേല്‍ അജി തോമസ് പ്രത്യേക വളക്കൂട്ടിലും കളിക്കൂട്ടിലും ഹൈബ്രീഡ് എഫ് ഒന്ന് വി.എന്‍.ആര്‍ 2233 ഇനം നെല്‍വിത്തു ഉപയോഗിച്ചു തയാറാക്കിയതാണ് പെല്ലറ്റ്. ഇടവകയിലെ ചാരിറ്റി ഷോപ്പില്‍നിന്നു ഒന്നിനു നാലു രൂപ നിരക്കില്‍ ലഭ്യമാക്കിയ ഗ്രോബാഗുകള്‍ക്കു പുറമേ ചാക്കും മറ്റും ഉപയോഗിച്ച് സ്വന്തമായി തയാറാക്കുന്ന ബാഗുകളിലും കൃഷി നടത്താനാണ് പെല്ലറ്റുകള്‍ വാങ്ങിയ കുടുംബങ്ങളുടെ തീരുമാനം. ഗ്രോബാഗുകളില്‍ പാകിയ പെല്ലറ്റുകള്‍ 110 ദിവസംകൊണ്ട് വിളവെടുപ്പിനു പാകമാകും. അജി തോമസ് വികസിപ്പിച്ച കൃഷിരീതിയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഇടവകയില്‍ ഗ്രോബാഗുകളിലെ നെല്‍കൃഷി നടത്തുന്നതെന്നു വികാരി ഫാ. ചാക്കോ മേപ്പുറത്ത് പറഞ്ഞു. കൊളവയല്‍ ഇടവകയില്‍ 103 കുടുംബങ്ങള്‍ ഗ്രോബാഗുകളില്‍ നടത്തുന്ന നെല്‍കൃഷിയാണ് ഇതിനു പ്രചോദനമായത്. ഓരോകുടുംബവും വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുകയും ഇത് പള്ളിയിലെത്തിച്ച് ചാരിറ്റി ഷോപ്പിലൂടെ ന്യായവിലക്കു വില്‍ക്കുകയും ചെയ്യുന്ന പദ്ധതി സെന്റ് മാര്‍ട്ടിന്‍സ് ഇടവകയിലുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഗ്രോബാഗുകളിലെ നെല്‍കൃഷിയെന്നും വികാരി പറഞ്ഞു. ഈ കൃഷിമുറയില്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളെയും പങ്കാളികളാക്കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ചു ഗ്രോബാഗുകളില്‍നിന്നു രണ്ടു പറ വിളവാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."