തട്ടുപാറ തടയണ നിര്‍മാണം വീണ്ടും പുനരാരംഭിച്ചു
ചാലക്കുടി: തട്ടുപാറ തടയണയുടെ നിര്‍മാണം വീണ്ടും പുനരാരംഭിച്ചതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും ജലസേചനത്തിനും ശാശ്വത പരിഹാരമാകുന്നു.
മേലൂര്‍, പരിയാരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചാലക്കുടിപുഴക്ക് കുറുകെയാണ് തട്ടുപാറ തടയണ നിര്‍മിക്കുന്നത്. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയേയും മേലൂര്‍ പഞ്ചായത്തിലെ കുന്നപ്പിള്ളിയേയും ബന്ധിപ്പിച്ച് ചാലക്കുടുപുഴക്ക് കുറുകെയാണ് തടയണ നിര്‍മാണം നടക്കുന്നത്. 2011ല്‍ തടയണയുടെ നിര്‍മാണം ആരംഭിച്ചിരുന്നുവെങ്കിലും ഇടയ്ക്ക് വച്ച് നിര്‍മാണപ്രവര്‍ത്തികള്‍ നിലച്ചു.
തുടര്‍ന്ന് ഒരവധിക്ക് ശേഷം വീണ്ടും നിര്‍മാണം പുനരാരംഭിച്ചുവെങ്കിലും അധികം വൈകാതെ പ്രവര്‍ത്തികള്‍ വീണ്ടും നിലക്കുകയായിരുന്നു. കരാറുകാര്‍ ഇട്ടുപോയ തടയണയുടെ നിര്‍മാണം ഇപ്പോള്‍ മൂന്നാമത്തെ ടെണ്ടറിലാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.
പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി ഭാഗത്തെ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. മണല്‍ചാക്കുകള്‍ നിരത്തി പുഴയിലെ വെള്ളം തടഞ്ഞ് നിര്‍ത്തി കോണ്‍ക്രീറ്റിംഗ് യ്യെുന്ന ജോലികാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ വേഗതിയാലാണ് ഇപ്പോള്‍ പ്രവര്‍ത്തികള്‍ നടക്കുന്നത്. പുഴയുടെ നാല് കിലോമീറ്ററോളം വരുന്ന ഭാഗത്തെ വെള്ളം തടഞ്ഞ് നിര്‍ത്തി ജലക്ഷാമം പരിഹരിക്കുന്നതാണ് പദ്ധതി.
മേലൂര്‍ പഞ്ചായത്തിലെയും പരിയാരം പഞ്ചായത്തിലേയും അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് തടയണ നിര്‍മാണത്തിലൂടെ ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മേലൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ദേവരാജഗിരി. ഈ പ്രദേശത്തേക്കുള്ള കുടിവെള്ള പമ്പിംഗ് സ്റ്റേഷന്‍ കുന്നപ്പിള്ളിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. വേനല്‍കാലത്ത് പുഴയിലെ ജലവിതാനം കാര്യമായി താഴുന്നതിനെ തുടര്‍ന്ന് പമ്പിംഗ് കാര്യക്ഷമമാകാറില്ല. അതുകൊണ്ട് തന്നെ കുടിവെള്ള വിതരണവും നടക്കാറില്ല.
തടയണ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുഴയില്‍ വെള്ളം കെട്ടിനില്‍ക്കുകയും പമ്പിംഗ് കാര്യക്ഷമാവുകയും ചെയ്യും. ഇതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമാകും. അതുപോലെ തന്നെ കാര്‍ഷിക മേഖലയ്ക്കും തടയണ ഗുണം ചെയ്യും. വേനല്‍കാലത്ത് ജലസേചന സൗകര്യമില്ലാത്തത് കര്‍ഷകരും നേരിടുന്ന വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിനും തടയിണ നിര്‍മാണത്തോടെ പരിഹാരം ഉണ്ടാകും. നിലവില്‍ ചാലക്കുടി പുഴയില്‍ രണ്ട് തടയണകളാണുള്ളത്. കൂടപ്പുഴയിലേയും കൊമ്പന്‍പാറയിലേയും തടയണ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. തട്ടുപാറ തടയണയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലകളിലേയും കുടവെള്ളജലസേചന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."