നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു
കോഴിക്കോട്: നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി തയാറാക്കിയ കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍ പ്രകാശനം ചെയ്തു. കോഴിക്കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ ആദ്യത്തെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് മറ്റിടങ്ങളിലും വികസനം യാഥാര്‍ഥ്യമാക്കും. മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള വികസനം ചിട്ടയോടു കൂടിയായിരിക്കും.
നഗരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിക്കും വ്യവസായ സോണുകള്‍ക്കും പ്രാധാന്യം നല്‍കും. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. കോഴിക്കോട് കോര്‍പറേഷന്‍ തയാറാക്കിയ ഇന്റലിജന്റ് പ്ലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും. ഇതുവഴി ശരിയായ വിവരം നല്‍കുന്നവര്‍ക്ക് 21 ദിവസത്തിനുള്ളില്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാതെ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭിക്കും. രണ്ടു തവണയില്‍ കൂടുതല്‍ ജനങ്ങളെ ഓഫിസുകളിലേക്ക് നടത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. സംസ്ഥാനത്ത് ഇത്തരത്തില്‍ 28 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരാതി സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടി സ്ഥാപിച്ചത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമവിരുദ്ധമായി കെട്ടിട നിര്‍മാണത്തിന് സഹായം ചെയ്യുന്ന ആര്‍ക്കിടെക്ടുമാരുടെ പേര് വിവരം വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. കോഴിക്കോട് കോര്‍പറേഷന്‍, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍, ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവയെ സംയോജിപ്പിച്ചാണ് കോഴിക്കോട് അര്‍ബന്‍ ഏരിയാ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്. 2035ഓടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മേയര്‍ പറഞ്ഞു.
എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, പി.ടി.എ റഹീം, കലക്ടര്‍ യു.വി ജോസ്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഴയില്‍ ബാലകൃഷ്ണന്‍, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി ബാബുരാജ്, സി.ജെ റോബിന്‍, അബ്ദുല്‍ മാലിക്, വിനയന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."