ഓപ്പറേഷന്‍ ഒളിംപ്യ: മലയാളി പരിശീലകര്‍ പുറത്ത്
ഷാജഹാന്‍ കെ. ബാവ#
ആലപ്പുഴ : ഓപ്പറേഷന്‍ ഒളിംപ്യയില്‍ പരിശീലകരെ നിയമിക്കുന്നതില്‍ തിരിമറി. കേരളത്തില്‍നിന്നുളള പരിചയസമ്പന്നരായ പരിശീലകരും അന്തര്‍ദേശീയ താരങ്ങളും അടങ്ങുന്ന നീണ്ടനിര കുരുന്നുകളെ പരിശീലിപ്പിക്കാന്‍ സന്നദ്ധ പ്രകടിപ്പിക്കുമ്പോഴാണ് അശാസ്ത്രീയ നടപടിയിലൂടെ കായിക മേഖലയ്ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകയായിരുന്ന ബീന സുബൈര്‍ അടക്കമുള്ള മലയാളി പരിശീലകര്‍ക്കാണ് തിരിമറിയിലൂടെ അവസരം നഷ്ടമാകുന്നത്.
കേരളത്തിന്റെ കായിക മേഖലയ്ക്ക് പ്രയോജനം ലഭിക്കേണ്ട പദ്ധതിയുടെ നടത്തിപ്പ് മലയാളി പരിശീലകരെ ഏല്‍പ്പിക്കാതെ അന്യസംസ്ഥാനക്കാരനായ എം.ഇ. ജിയില്‍നിന്നുളള ഓഫിസറെ ഏല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നത്. രാജ്യത്തിനുവേണ്ടിയോ സംസ്ഥാനത്തിനുവേണ്ടിയോ ഒരു മെഡലുപോലും നേടാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗൂഢനീക്കത്തിനെതിരേ രോഷം ഉയരുന്നുണ്ട്.
ഇതിനെതിരേ കേരളത്തില്‍നിന്നുള്ള അന്തര്‍ദേശീയ താരങ്ങളും പരിചസമ്പരായ പരിശീലകരും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഓപ്പറേഷന്‍ ഒളിംപ്യയിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഭിമുഖം നടത്തിയിരുന്നു. ഇതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരത്തെ വിവിധ ജില്ലകളില്‍ നിയമിച്ചിട്ടുള്ള പരിശീലകര്‍ ആരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ കേരളത്തിനും ഇന്ത്യക്കും വേണ്ടി മെഡല്‍ നേടുകയും ഇന്ത്യന്‍ ടീമിനെ വരെ പരിശീലിപ്പിച്ച കോച്ചുമാരെ ഒഴിവാക്കിയാണ് പിന്‍വാതില്‍ നിയമനത്തിന് കളമൊരുക്കിയത്.
നീക്കത്തിനു പിന്നില്‍ ഇന്ത്യന്‍ ഫെഡറേഷന്‍ പുറത്താക്കിയ കേരള കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡി. വിജയകുമാറും സംഘവുമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."