വിസയും വ്യാപാര പങ്കാളിത്തവും വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി റിമാന്‍ഡില്‍
ചെറുതുരുത്തി: വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും വന്‍ ലാഭം കൊയ്യുന്ന വ്യാപാരത്തില്‍ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ഒരു കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് റിമാന്റില്‍. ചേരിക്കല്‍ വീട്ടില്‍ അബ്ദുല്‍ ഖാലിദ് (45) നെയാണ് കോടതി റിമാന്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും, തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പരാതിയുമായി ചെറുതുരുത്തി പൊലിസിനെ സമീപിച്ചപ്പോള്‍ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തട്ടിപ്പിനിരയായവര്‍ക്കെല്ലാം മുദ്രപത്രത്തില്‍ രേഖാമൂലമുള്ള ഉറപ്പും നല്‍കിയിരുന്നു. ഇതിനു വേണ്ടി 500, 100, 50 തുടങ്ങി വിവിധ മൂല്യമുള്ള മുദ്രപത്രവും വ്യാജമായി നിര്‍മിച്ചതായും കണ്ടെത്തി. കോഴിക്കോട് വഴിക്കടവ് സ്വദേശി ജെതീഷില്‍ നിന്ന് വ്യാപാര പങ്കാളി ത്തം വാഗ്ദാനം ചെയ്ത് എട്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു.
അബ്ദുല്‍ ഖാലിദിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഇതിനായി ഇയാള്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ് പണം നഷ്ടപ്പെട്ടവര്‍ കൂട്ടമായി ചെറുതുരുത്തിയില്‍ എത്തുകയും വിവാഹം കഴിഞ്ഞതോടെ ബഹളം ആരംഭിക്കുകയുമായിരുന്നു. വരന്റെ അമ്മാവന്‍ വെട്ടിക്കാട്ടിരി കൊടക്കുന്നത്ത് വീട്ടില്‍ മൊയ്തീന്‍ കുട്ടിയും തന്നെ വഞ്ചിച്ചതായി ആരോപിച്ച് രംഗത്തെത്തി.
അബ്ദുല്‍ ഖാലിദിന്റെ മകളുമായുള്ള വിവാഹം ഉറപ്പിച്ചതോടെ ബന്ധുവിന്റെ ഹൃദയ ചികിത്സയ്‌ക്കെന്ന പേരില്‍ തന്നില്‍ നിന്ന് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ തട്ടിയെടുത്തുവെന്നാണ് മൊയ്തീന്‍കുട്ടിയുടെ പരാതി. തമിഴ്‌നാട് സേലം കടലൂര്‍ സ്വദേശി പുഷ്പയും പൊലിസില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ പരാതികള്‍ സത്യമാണെന്ന് ബോധ്യപ്പെടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."