യു.ഡി.എഫിനു മുന്നില്‍ ഇനി പ്രതിസന്ധിയുടെ ദിനങ്ങള്‍
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) പടിയിറങ്ങുന്നതോടെ യു.ഡി.എഫിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ പ്രതിസന്ധിയുടെ ദിനങ്ങള്‍. പുതിയ രാഷ്ട്രീയ സാഹചര്യം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിനാണ്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നതിനു മുമ്പ് മുന്നണിക്ക് മറ്റൊരു ആഘാതം കൂടി ആയിരിക്കുകയാണ് കേരള കോണ്‍ഗ്രസിന്റെ വഴിപിരിയല്‍.
യു.ഡി.എഫ് എന്ന രാഷ്ട്രീയ സംവിധാനത്തിന്റെ സുപ്രധാന ഘടകമായിരുന്നു കേരള കോണ്‍ഗ്രസ് (എം). മലബാര്‍ മേഖലയില്‍ മുസ്‌ലിം ലീഗും മധ്യ-ദക്ഷിണ കേരളത്തില്‍ കേരള കോണ്‍ഗ്രസുമാണ് മുന്നണിയുടെ ജനകീയാടിത്തറയുടെ പ്രധാന ഘടകങ്ങള്‍. ഈ കക്ഷികളുമായി കൂട്ടുകെട്ടില്ലാതെ ഒറ്റയ്ക്ക് ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടു വിജയിക്കാനുള്ള കരുത്ത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനില്ല. അതുകൊണ്ടു തന്നെ മധ്യ-ദക്ഷിണ കേരളത്തില്‍ യു.ഡി.എഫിന്റെ ജനകീയാടിത്തറയില്‍ വലിയൊരു ചോര്‍ച്ചയാണ് കെ.എം മാണി മുന്നണി വിടുന്നതോടെ സംഭവിക്കുന്നത്. ഈ ക്ഷീണം മറികടക്കാന്‍ മുന്നണിക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് ഏറെ പാടുപെടേണ്ടി വരും.
എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല കേരള കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞ കുറെ ദിവസങ്ങളിലായുള്ള മാണിയുടെ നീക്കങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ അതു വായിച്ചെടുത്തിരുന്നു. മാണിയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഏതു സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കത്തിലായിരുന്നു അവര്‍.
മുന്നണി വിടുകയാണെങ്കില്‍ മാണിയെ തുടര്‍ന്നും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്ക്ക് കാര്യമായ ക്ഷതമേല്‍പ്പിക്കും എന്നതിനാല്‍ അതിനു പോകേണ്ടതില്ലെന്ന ധാരണയില്‍ നേതാക്കള്‍ നേരത്തെ തന്നെ എത്തിയിരുന്നു. ആ മുന്നൊരുക്കത്തിന്റെ തുടര്‍ച്ചയെന്നോണമാണ് മാണി പാര്‍ട്ടിയുടെ തീരുമാനം പ്രഖ്യാപിച്ചയുടന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. വരും ദിനങ്ങളില്‍ ഇതേ നിലപാടുമായി തന്നെ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുള്ള ധാരണ.
മാണി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ദ്വിമുഖ തന്ത്രമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് സൃഷ്ടിക്കുക എന്നതായിരിക്കും അതിലൊന്ന്. പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍ തുടങ്ങി എം.എല്‍.എമാരടക്കം ചില പ്രമുഖ നേതാക്കള്‍ മുന്നണി വിടാനുള്ള തീരുമാനത്തോട് ശക്തമായ വിയോജിപ്പുള്ളവരാണെന്ന വിവരം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഭരണം പങ്കിടുന്ന ചെറുകിട നേതാക്കളില്‍ വലിയൊരു വിഭാഗത്തിനും മുന്നണി വിടാനുള്ള തീരുമാനത്തോട് എതിര്‍പ്പുണ്ട്. ഇത് പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കാനുള്ള സാധ്യത ഏറെയാണ്. അതിനു പ്രോത്സാഹനം നല്‍കുന്ന നിലപാടായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക.
അതോടൊപ്പം കേരള കോണ്‍ഗ്രസിന്റെ സ്വാധീന മേഖലകളില്‍ കോണ്‍ഗ്രസിനെ സ്വന്തം നിലയില്‍ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും നേതാക്കള്‍ ആവിഷ്‌കരിക്കും. കേരള കോണ്‍ഗ്രസുമായുള്ള ബന്ധത്തിലുണ്ടായ പ്രാദേശിക അസ്വാരസ്യങ്ങള്‍ മൂലം കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നിരവധി പ്രവര്‍ത്തകരുണ്ട്. പുതിയ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയുമായി അടുപ്പിച്ചുനിര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."