ഇക്ബാല്‍ ജങ്ഷന്‍-അജാനൂര്‍ കടപ്പുറം റോഡ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി
കാഞ്ഞങ്ങാട്: തകര്‍ന്നടിഞ്ഞു ഗതാഗതം തടസപ്പെട്ട ഇക്ബാല്‍ ജങ്ഷന്‍-അജാനൂര്‍ കടപ്പുറം റോഡില്‍ അറ്റകുറ്റപ്പണിക്കു തുടക്കമായി. ഇക്ബാല്‍ ജങ്ഷന്‍ മുതല്‍ ഇട്ടമ്മല്‍ വരെയാണ് ആദ്യഘട്ട പുനരുദ്ധാരണം നടക്കുന്നത്. ഇട്ടമ്മല്‍ മുതല്‍ അജാനൂര്‍ കടപ്പുറം വായനശാലമുക്ക് വരെയും, വായനശാലമുക്ക് മുതല്‍ കൊത്തിക്കല്‍ വരെ പിന്നീടും അറ്റകുറ്റപ്പണി നടത്തുമെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നു ഘട്ടമായി മൂന്നു കരാറുകാരുടെ കീഴിലാണു പ്രവൃത്തി നടക്കുന്നത്.
അജാനൂര്‍ കടപ്പുറം, ബല്ല കടപ്പുറം, കൊത്തിക്കല്‍, കൊളവയല്‍, കാറ്റാടി, മുട്ടുംതല തുടങ്ങിയ തീരദേശപ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്‍ഗമായ ഈ പാത പൊട്ടിപ്പൊളിഞ്ഞതുമൂലം ഇതുവഴിയുള്ള യാത്ര ദുരിതമായി മാറിയിട്ടു മാസങ്ങളായി.
റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നു വാഹന ഉടമകളും പൊതുജനങ്ങളും നിരന്തര ആവശ്യമുന്നയിച്ചിരുന്നു. ഇതില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നു സന്നദ്ധ സംഘടനകള്‍ സമരത്തിലേക്കു നീങ്ങാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചതോടെയാണു പൊതുമരാമത്ത് അധികൃതര്‍ കണ്ണുതുറന്നത്.
ഡിസംബര്‍ 18ന് ഗവര്‍ണര്‍ പി. സദാശിവം ജില്ലയില്‍ ഒരു വിദ്യാലയത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിന്നായി ഈ പാതയിലൂടെയാണു വരുന്നത്. ഇതും കൂടി കണക്കിലെടുത്താണ് റോഡിന്റെ പുനരുദ്ധാരണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."