മലയാളി യുവാവ് കുവൈത്ത് ജയിലില്‍; എന്തിനെന്നറിയാതെ കണ്ണീരോടെ കുടുംബം
കൊടുങ്ങല്ലൂര്‍: യുവാവ് കുവൈത്ത് ജയിലില്‍. എന്തിനെന്നു പോലുമറിയാതെ കുടുംബം കണ്ണീരോടെ കഴിയുന്നു. കൊടുങ്ങല്ലൂര്‍ അഴിക്കോട് മരപ്പാലത്തിന് സമീപം കൊല്ലത്ത് വീട്ടില്‍ കൊച്ചുമുഹമ്മദിന്റെ മകന് നിസാര്‍ (32) ആണ് കുവൈത്തില്‍ ജയിലില്‍ കഴിയുന്നത്. നാലു വര്‍ഷം മുന്‍പ് ഡ്രൈവര്‍ ജോലിക്കായി വിദേശത്തു പോയ നിസാറിനെ കുറിച്ചു രണ്ടു വര്‍ഷമായി യാതൊരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ ജയിലിലാണെന്ന വിവരം ലഭിച്ചു. എന്നാല്‍ എന്തിന്റെ പേരിലാണ് നിസാര്‍ ജയിലിലടയ്ക്കപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. ഭാര്യയും അഞ്ചും നാലും വയസുള്ള മക്കളും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്നതാണ് നിസാറിന്റെ കുടുംബം. ഇളയ കുഞ്ഞിനെ നിസാര്‍ കണ്ടിട്ടില്ല. രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയയാകുന്ന നിസാറിന്റെ മാതാവ് രോഗക്കിടക്കയിലും മകനെ ഓര്‍ത്ത് വിഷമിക്കുകയാണ്. കുവൈറ്റിലെ സുലൈബിയ ജയിലിലാണ് നിസാര്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ മോചനത്തിനായി നിസഹായയായ ഭാര്യയും മകനെ ഒരു നോക്കു കാണാനായി രോഗിയായ ഉമ്മയും കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."