അണുകുടുംബങ്ങളാണ് പ്രതി
അഡ്വ.ബിന്ദുകൃഷ്ണ
മക്കളെ വളര്‍ത്തി വലുതാക്കിയ ഓരോ അച്ഛനമ്മമാര്‍ക്കും ജീവിതത്തിലേല്‍ക്കുന്ന വലിയൊരു പ്രഹരം തന്നെയാണ് മക്കളുടെ ഒളിച്ചോട്ടം. വിവാഹപ്രായമെത്തിയ പെണ്‍കുട്ടികളെക്കുറിച്ച് ഓരോ മാതാപിതാക്കള്‍ക്കും ഒരുപാട് സങ്കല്‍പ്പങ്ങളുണ്ടാകും. പഴയ കാലത്തെ അപേക്ഷിച്ച് കുട്ടികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കുവാനുള്ള ഒരു എളുപ്പം ഇന്നത്തെ കുടുംബാന്തരീക്ഷങ്ങളിലുണ്ട്. ശരാശരി ഒരു മലയാളി കുടുംബത്തിലെ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. പഴയകാലത്ത് കുടുംബത്തിലെ കാരണവരായിരുന്നു ആ കുടുംബത്തിലെ രാജാവെങ്കില്‍ ഇന്ന് ഓരോ കുടുംബത്തിലെയും കുട്ടികളാണ് രാജാക്കന്മാര്‍. അവരുടെ താല്‍പര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്.
എന്നാല്‍, കുട്ടികള്‍ ഒന്നാലോചിക്കാന്‍ പോലും തയാറാകുന്നില്ല എന്നതാണ് വാസ്തവം. പങ്കാളിയുടെ സത്യസന്ധതയും ആത്മാര്‍ഥതയും പരിശോധിക്കാന്‍ പോലും കുട്ടികള്‍ തയാറാവുന്നില്ല. തീര്‍ച്ചയായും അത് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. ഒരു നല്ല കുടുംബ ജീവിതം ആഗ്രഹിക്കുന്നവരാണ് എങ്കില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു തീരുമാനത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്.
അതില്‍ സോഷ്യല്‍മീഡിയയും മറ്റ് ആധുനിക വാര്‍ത്താ വിനിമയസംവിധാനങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഈ നവ മാധ്യമങ്ങള്‍ മാനവിക കുലത്തിന് ധാരാളം ഗുണങ്ങളുണ്ടാക്കുന്നുണ്ട് എങ്കിലും ഒരുപാട് പെണ്‍കുട്ടികള്‍ ഇത്തരം ചതിക്കുഴിയില്‍ വീഴുവാനുള്ള സാഹചര്യവും അതില്‍ ഏറെയാണ്. അത് മനസിലാക്കാന്‍ ശരിയായ ബോധവല്‍ക്കരണം അനിവാര്യമാണ്. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളിലേക്കു വഴിമാറിയതിന്റെ ഒരു പരിണിത ഫലം കൂടിയാണ് ഇത്തരം ഒളിച്ചോട്ടങ്ങള്‍. മക്കള്‍ക്ക് എന്തെങ്കിലും മാനസിക വിഷമമുണ്ടായാല്‍ ഒന്നാശ്വസിപ്പിക്കാനോ ശരിയാംവിധം കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനോ ജോലിത്തിരക്കുകള്‍ കാരണം ഇന്നത്തെ മാതാപിതാക്കള്‍ക്കു കഴിയുന്നില്ല. ഗുണദോഷിക്കാനോ ശാസിക്കാനോ മുതിര്‍ന്നവരില്ല. നിയന്ത്രിക്കുവാനോ തിരുത്തുവാനോ ഉള്ള ആളുകള്‍ കുറവാണ്. അയല്‍വീടുകളുമായുള്ള ബന്ധവും കുറവാണ്. തൊട്ടടുത്ത വീട്ടില്‍ നിന്നു നിലവിളി കേട്ടാല്‍ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ. ഇത്തരത്തില്‍ നമ്മുടെ സാമൂഹികക്രമം മാറിയതും ഇത്തരം ഒളിച്ചോട്ടങ്ങള്‍ക്കൊരു കാരണമായി കണക്കാക്കാം.
എല്ലാ കാര്യങ്ങളിലും ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് കുഞ്ഞുങ്ങളെ സ്‌നേഹവും കരുതലും കൈമുതലാക്കിക്കൊണ്ടാണ് വളര്‍ത്തേണ്ടത്. എന്തും തുറന്നു പറയുവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തേണ്ടത് രക്ഷിതാക്കളുടെ കര്‍ത്തവ്യമാണെന്ന് മനസിലാക്കുകയും, സര്‍വോപരി സാമൂഹ്യ പ്രതിബദ്ധതയോടും സാമൂഹ്യ ബന്ധങ്ങളോടും കൂടി കുട്ടിയെ വളര്‍ത്തുവാന്‍ ശ്രമിക്കുകയും വേണം. അധ്യാപക ധര്‍മമെന്തെന്ന് മനസിലാക്കാത്ത ചില ന്യൂ ജനറേഷന്‍ അധ്യാപകരും ഒരു പരിധി വരെ ഇതിനു കാരണമാകുന്നുണ്ട്. കുട്ടികളില്‍ തെറ്റു കണ്ടാല്‍ തിരുത്തേണ്ട ഉത്തരവാദിത്വം ഇവര്‍ക്കു കൂടിയുണ്ട്.
കൗമാര പ്രായത്തിലുള്ള ഓരോ കുട്ടിയിലും മാനസികവും ശാരീരികവുമായ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകും.അതിനനുസൃതമായി അവരെ നയിക്കേണ്ടവര്‍ അതിനു തയാറാകാത്തതാണ് പ്രശ്‌നം. തെറ്റുകള്‍ ചെയ്യുന്ന കുട്ടികളെ തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് വേണ്ടത്. അവരെ വ്യക്തികളായി പരിഗണിക്കുകയും വേണം. സഹപാഠികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കണം. പഴയ കുടുംബ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും അയല്‍പക്ക സ്‌നേഹത്തിന്റെയുമൊക്കെ ലോകത്തേക്ക് നാം തിരിച്ചു പോയാല്‍ ഒരു പരിധി വരെ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാകും.
കുടുംബങ്ങളില്‍ അഴിച്ചുപണി അനിവാര്യം
സഹോദരിമാരുടെ ഒളിച്ചോട്ട കഥകളുടെ ദൈന്യത വരച്ചുകാട്ടുന്നതില്‍ സുപ്രഭാതം വിജയിച്ചുവെന്ന് പറയട്ടെ. കുറച്ചുനാളേക്കെങ്കിലും ഇത്തരത്തില്‍ വാതില്‍പ്പടിയില്‍ നില്‍ക്കുന്ന ചില മങ്കമാര്‍ക്ക് ഒരു പുനര്‍വിചിന്തനത്തിന് ഈ പരമ്പര വഴിയൊരുക്കിയിട്ടുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളനുസരിച്ചാണ് കുടുംബം കെട്ടിപ്പടുത്തതെങ്കില്‍ അതിന്റെ ചുമര്‍കെട്ടുകള്‍ക്കുള്ളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരാന്‍ വഴിയില്ല.
ഇസ്‌ലാമികമായ പാരന്റിങാണ് ആദ്യം നമ്മുടെ സമൂഹത്തിലെ കൂട്ടുകുടുംബങ്ങള്‍ക്കാവശ്യം. മക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ മാത്രം പഠിച്ചാല്‍ പോര. മാതാപിതാക്കള്‍ ആത്മ സംസ്‌കരണവും ധാര്‍മിക മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ചുറ്റുപാടുണ്ടാക്കി തീര്‍ക്കുകയാണ് വേണ്ടത്. ഇതാണ് പാരന്റിങിന്റെ ആദ്യഘട്ടം. അരാജകത്വംപേറി ഒരു മക്കളും ഭൂമിയില്‍ ജനിക്കുന്നില്ലെന്ന് പ്രവാചകന്റെ തിരുവചനം നമ്മെ ബോധ്യപ്പെടുത്തുന്നു.
എല്ലാ മക്കളും ഭൂമിയില്‍ ജനിക്കുന്നത് ശുദ്ധ പ്രകൃതക്കാരായാണ്. എന്നാല്‍ അവരുടെ വിശ്വാസത്തില്‍ ചാഞ്ചല്യം വരുത്തുന്നത് മാതാപിതാക്കളാണ്. പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ സല്‍ഗുണങ്ങള്‍കൊണ്ട് സമ്പന്നരായ മാതാപിതാക്കളും, മറ്റുകുടുംബാംഗങ്ങളും വളര്‍ന്നുവരുന്ന തലമുറക്ക് തെറ്റുതിരുത്തിക്കൊടുക്കാനും നന്മകള്‍ പ്രോജ്വലിപ്പിക്കുവാനും വേണ്ട ശ്രദ്ധ കാണിച്ചിരുന്നു.
പാശ്ചാത്യ അനുകരണം തലക്കുപിടിച്ച ന്യൂജനറേഷന്‍ മാതാപിതാക്കള്‍ അണുകുടുംബ വ്യവസ്ഥിതിക്ക് കൊടിപിടിച്ചപ്പോള്‍ ഈ പഴമയുടെ പാരമ്പര്യമൂല്യങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടുപോയി. കൂണുപോലെ മുളച്ചുപൊന്തിയ കൗണ്‍സലിങ് സെന്ററുകള്‍ക്ക് ഈ ധാര്‍മിക അപചയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും സാധിക്കുകയില്ല.
കാമുകന്റെ കൈ പിടിച്ച് തന്നെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുമ്പോള്‍ പിന്നില്‍ ചെന്ന് കണ്ണീര്‍ ഒഴുക്കുന്ന മാതാപിതാക്കള്‍ക്കാണ് ആദ്യം ചികിത്സ കൊടുക്കേണ്ടത്. മക്കളുടെ ധാര്‍മികാവബോധത്തിന്റെ പോരായ്മകളാണ് ഇത്തരം തെറ്റായ വഴികളിലേക്ക് അവരെ നയിക്കുന്നത്.
പ്രായപൂര്‍ത്തി ആയതിനുശേഷമല്ല ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. നേരെ മറിച്ച് ഓരോരുത്തരും വിവാഹം കഴിക്കും മുമ്പ് തന്നെ ഇതിലേക്കുള്ള ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടിയിരിക്കുന്നു. മതബോധവും സ്വഭാവഗുണവുമുള്ള കുലീനരെ വിവാഹം കഴിക്കാനാണ് പ്രവാചക നിര്‍ദേശം.
പ്രധാനമായും മക്കളുടെ സ്വഭാവ രൂപീകരണത്തില്‍ പങ്ക് വഹിക്കുന്നത് മാതാപിതാക്കളും അവര്‍ വളരുന്ന ചുറ്റുപാടുകളും പാരമ്പര്യ ജീനുമാണ്. ചുറ്റുപാടുമാത്രം നന്നായാല്‍ പോര. പരമ്പരാഗതമായി കിട്ടുന്ന സവിശേഷതകള്‍ മെച്ചപ്പെട്ടതാകുകയും വേണം.
പ്രകൃതി സന്തുലിതത്വം നിലനിര്‍ത്താന്‍ പുരുഷ-സ്ത്രീ വര്‍ഗത്തിന്റെ ജൈവിക ഘടനയിലും സൃഷ്ടിപ്പിലും മാറ്റങ്ങള്‍ നിശ്ചയിച്ച സര്‍വശക്തന്‍ അവര്‍ക്കുള്ള ബാധ്യതകളിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍, മക്കളുടെ കൂടെ നിന്ന് വളര്‍ച്ചയെ നന്നാക്കി സമൂഹത്തിലെ നല്ല വ്യക്തികളാക്കി തീര്‍ക്കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഒരു മാതാവിന്റെ പ്രകൃതിദൗത്യമാണ്. ഗര്‍ഭധാരണത്തിനുശേഷം സ്ത്രീ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതുപോലെ ആത്മീയ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.
ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കം ഏകദേശം വളര്‍ച്ച പ്രാപിച്ചശേഷമാണ് അവന്‍ പുറത്ത് വരുന്നത്. മാതാവിന്റെ ചിന്തകളും സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ ഗര്‍ഭസ്ഥ ശിശുവിനെ കൃത്യമായി സ്വാധീനിക്കുമെന്നര്‍ഥം. പിതാക്കന്മാര്‍ അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ജീവിത വൃത്തിക്കായി വീടിന് പുറത്ത് ചെലവഴിക്കുമ്പോള്‍ മാതാക്കള്‍ അവരുടെ ജീവിതത്തിന്റെ അധികഭാഗവും മക്കളുടെ കൂടെയാണ് ചെലവിടുന്നത്. അഥവാ മക്കളുടെ പ്രഥമ പാഠശാല മാതാവുതന്നെയാണ്.
വളര്‍ന്നുവരുന്ന തലമുറ വിദ്യാഭ്യാസമാര്‍ജിക്കുന്നത് രണ്ടുവഴികളിലൂടെയാണ്. ഒന്ന് പ്രത്യക്ഷ വിദ്യാഭ്യാസം, രണ്ട്, പരോക്ഷ വിദ്യാഭ്യാസം. പ്രധാനമായും ഒരുകുട്ടി മാതാവില്‍ നിന്നു സ്വായത്തമാക്കുന്നത് പരോക്ഷ വിദ്യാഭ്യാസമാണ്. മാതാവിനെക്കണ്ട് പഠിക്കുകയാണവര്‍. മക്കള്‍ക്ക് അനുകരിക്കാന്‍ ഉതകുന്ന മാതൃകാജീവിതം നയിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.
കൂടുതല്‍ പരിരക്ഷയും സ്‌നേഹവും മക്കളെ വഷളാക്കുന്നതുപോലെ അവരുടെ കാര്യങ്ങളിലുള്ള അസ്ഥിരതയും അശ്രദ്ധയും അവരെ തെറ്റായ ജീവിതത്തിലേക്ക് നയിക്കും. ചിലപ്പോഴെങ്കിലും നോ എന്ന പദം മക്കള്‍ക്ക് ശീലിപ്പിച്ചേ പറ്റൂ. ചെറിയ ഉത്തരവാദിത്വങ്ങളും ചുമതലകളും അവരെ ഏല്‍പ്പിക്കുന്നതും ഓരോ ദിവസവും അവര്‍ക്കുവേണ്ടി ഒരു ക്വാളിറ്റി ടൈം കണ്ടെത്തി അവരുടെ കൂടെ ഇരുന്ന് അവരോട് കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും അവരുടെ വ്യക്തിത്വ നിലവാരം മെച്ചപ്പെടുത്താന്‍ ഉപകരിക്കും.
മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നതും പരാജയങ്ങളില്‍ തരംതാഴ്ത്തി സംസാരിക്കുന്നതും മറ്റൊരു ഇടം തേടാന്‍ അവര്‍ക്ക് വഴിയൊരുക്കുന്നു. മാതാപിതാക്കളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മക്കള്‍ക്ക് നഷ്ടപ്പെടുന്ന വിലമതിച്ച സ്‌നേഹം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയൊരു കാരണമാകുന്നുണ്ട്. മാതാവും പിതാവും അവരുടേതായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ കുടുംബ സമാധാനത്തിന്റെ ഇടമാകും. മാതാപിതാക്കളില്‍ നിന്നു കിട്ടേണ്ട ബാലപാഠങ്ങള്‍ നഷ്ടമാകുമ്പോള്‍ മക്കളുടെ ജീവിതം സ്വാഭാവികമായും പ്രതിസന്ധിയിലാകുന്നു. തെറ്റുതിരുത്തിക്കൊടുക്കാന്‍ അവര്‍ക്ക് മാതാപിതാക്കളെ ആവശ്യമുണ്ട്. അവരുടെ ശ്രദ്ധയും സ്‌നേഹവുമാണ് അവര്‍ ആഗ്രഹിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു അഴിച്ചുപണി നമ്മുടെ കുടുംബങ്ങളില്‍ നടത്തേണ്ടിയിരിക്കുന്നു. വളര്‍ന്നുവരുന്ന ഇളംതലമുറക്ക് കൂടെ നിര്‍ത്തി ബോധവല്‍ക്കരണം നടത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. സമുദായ നേതൃത്വത്തോടും ബഹുമാന്യരായ പണ്ഡിത മഹത്തുക്കളോടും സ്ത്രീകളായ ഞങ്ങള്‍ക്ക് പറയാനുള്ളത് ഇത് മാത്രമാണ്. സമൂഹത്തിന്റെ തടിമരങ്ങളായ സ്ത്രീസമൂഹത്തെ ധാര്‍മികമായി ബോധവല്‍ക്കരിക്കാന്‍ ആവശ്യമായ നടപടികള്‍ വൈകാതെ നിങ്ങളില്‍ നിന്നുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ.
റംല, അമ്പലക്കടവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."