2000 പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
200 രൂപ നോട്ട് അടുത്തമാസം ബാങ്കുകളിലെത്തുമെന്ന് ധനകാര്യ സഹമന്ത്രി
ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ 2000 രൂപ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2000 രൂപ നോട്ടുകളുടെ അച്ചടി അഞ്ചു മാസങ്ങള്‍ക്കുമുന്‍പ് നിര്‍ത്തിയെന്നും ഇത് വീണ്ടും നോട്ട് അസാധുവാക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കാന്‍ തയാറായിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു നോട്ട് അസാധുവാക്കലുണ്ടാകുമെന്ന അഭ്യൂഹം ശക്തമായത്. എന്നാല്‍ നോട്ട് നിരോധനം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് അറിയിച്ചുകൊണ്ട് ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്്‌വാര്‍ ഇന്നലെ സ്ഥിരീകരണം നല്‍കിയത്.
നോട്ട് അസാധുവാക്കല്‍ നടപടി ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം നോട്ടുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 200 രൂപ നോട്ടുകള്‍ അച്ചടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇവ അടുത്തമാസം ബാങ്കുകളില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.
2000ന്റെ നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്നത് ചില പ്രത്യേക കാരണങ്ങള്‍കൊണ്ടാണ്. നോട്ടുകളുടെ ക്ഷാമത്തെക്കുറിച്ച് ആര്‍.ബി.ഐക്ക് വ്യക്തമായ ധാരണയുണ്ട്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇത് ചൂണ്ടിക്കാട്ടി ജൂലൈ 26ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം വസ്തുത വ്യക്തമാക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടിന്റെ ഇടപാടുകള്‍ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തിയതെന്നാണ് വ്യാവസായിക-സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിവരം. ഇതിനെ നോട്ട് നിരോധനം എന്ന് പറയാനാകില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ചെറുമൂല്യത്തിലുള്ള നോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു.
200 രൂപ നോട്ടുകള്‍ അടുത്തമാസം പുറത്തിറങ്ങുമെന്ന് ധനകാര്യമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജൂണില്‍ തന്നെ അച്ചടിക്കുള്ള പേപ്പറുകള്‍ മൈസൂരുവിലെ പ്രസില്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയാണ് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപനംനടത്തിയത്. ഇവക്ക് പകരമായി 2000 രൂപയും പിന്നീട് 500 രൂപയും പുറത്തിറക്കി. ഇതിനിടയിലാണ് 2000 രൂപയുടെ അച്ചടി സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."