പൊലിസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്ന് സംശയം
തിരുവനന്തപുരം: ഡിവൈ.എസ്.പി ബി. ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ടുകൊന്ന നെയ്യാറ്റിന്‍കര സ്വദേശി സനലിനെ പൊലിസുകാര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്ന സംശയമുണര്‍ത്തി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിന് സമാനമായ ഗന്ധമുണ്ടായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായതോടെയാണ് ഈ സംശയം ബലപ്പെട്ടത്. ആമാശയത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാകാത്തത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിച്ചു. ആമാശയത്തില്‍ മദ്യം ചെന്നിട്ടില്ലാത്തതിനാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ മാത്രമേ മദ്യം തന്നെയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. നേരത്തേ അപകടത്തില്‍ പരുക്കേറ്റ സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലിസുകാര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
അതേസമയം, തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് സനലിന്റെ മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്.
തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ശരീരത്തിനുള്ളില്‍ ആന്തരികാവയവങ്ങള്‍ക്ക് പുറത്തുള്ള ഭാഗത്ത് മദ്യത്തിന് സമാനമായ ഗന്ധം ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍, ആമാശയത്തില്‍ മദ്യത്തിന്റെ അംശമില്ല. ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍ എത്ര അളവിലാണെന്നും രക്തത്തിന്റെയും ആന്തരാവയവങ്ങളുടെയും രാസപരിശോധനക്ക് ശേഷമേ വ്യക്തമാകൂ. ഒക്‌ടോബര്‍ അഞ്ചിന് രാത്രിയാണ് നെയ്യാറ്റിന്‍കര സ്വദേശിയായ സനലിനെ വാക്തര്‍ക്കത്തിനൊടുവില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. ഇതിനുപിന്നാലെ സ്ഥലത്തുനിന്ന് മുങ്ങിയ ഹരികുമാറിനെ ദിവസങ്ങള്‍ക്കുശേഷം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."