അനധികൃത വാഹന വര്‍ക്ക് ഷോപ്പുകള്‍ സജീവം; കണ്ണടച്ച് അധികൃതര്‍
അരീക്കോട്: ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് നിയമം ലംഘിച്ച്. പ്രധാന പാതയോരങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഷോപ്പുകളില്‍ മിക്കതും നിയമം ലംഘിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പരിസര മലിനീകരണമുണ്ടാക്കുന്ന തരത്തില്‍ വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും റോഡിന് തടസമാക്കുന്ന രീതിയില്‍ വാഹന പാട്‌സുകള്‍ റോഡരികില്‍ കൂട്ടിയിടുന്നതും കാല്‍ നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും നിയമലംഘനം തുടരുകയാണ്.
മോട്ടോര്‍ വാഹന വര്‍ക്ക് ഷോപ്പുകള്‍ ആരംഭിക്കാന്‍ മാനദണ്ഡം പാലിക്കപ്പെടണമെന്നാണ് നിയമം. എന്നാല്‍ റോഡില്‍ നിന്ന് മുപ്പത് മീറ്റര്‍ അകലം പാലിച്ച് കൊണ്ട് മാത്രമെ വര്‍ക്ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശം പോലും പാലിക്കപ്പെടുന്നില്ല. മിക്ക സ്ഥാപനങ്ങളും റോഡിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കിയാല്‍ മാത്രമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാഹന വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥയെങ്കിലും ഉദ്യോഗസ്ഥര്‍ തോന്നിയ പടി ലൈസന്‍സ് നല്‍കുകയാണെന്ന ആക്ഷേപമാണുയരുന്നത്. സ്ഥലം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താതെ പ്രാവര്‍ത്തികാനുമതി നല്‍കുന്നതാണ് അനധികൃതമായ ഇത്തരം സ്ഥാപനങ്ങള്‍ പെരുകാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സുപ്രഭാതത്തോട് പറഞ്ഞു.
പ്രധാന റോഡുകള്‍ക്ക് സമീപം ഷെഡുകളിലും വാടക കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന വാഹന വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് നീക്കം ചെയ്യുന്ന ഓയില്‍, ഗ്രീസ്, മാലിന്യങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന പരിസര മലിനീകരണം കാരണം പരിസരവാസികള്‍ക്ക് ഗുരുതരമായ ആരാഗ്യ പ്രശനങ്ങളാണ് ഉണ്ടാവുന്നത്. വാഹനങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന ഓയില്‍ ജനവാസമേഖലയില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത് മൂലം പരിസരങ്ങളിലെ വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ ഓയില്‍ കലരുന്നതിനാല്‍ കുടിവെള്ളം ഉപയോഗശൂന്യമാവാനും ഇടയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് കാരണമാവുക.
2014ല്‍ സുതാര്യകേരളം പരാതി സെല്ലിലൂടെ സംസ്ഥാന സര്‍ക്കാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നിയമം പാലിക്കാത്ത വാഹനവര്‍ക്ക് ഷോപ്പുകള്‍, അനധികൃത തെരുവു കച്ചവടങ്ങള്‍ എന്നിവ ഒഴിവാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."