ഭിന്നതക്ക് പരിഹാരമില്ല; ശബരിമല വിഷയത്തില്‍ പൂര്‍ണ രാഷ്ട്രീയസമരവുമായി ബി.ജെ.പി
തിരുവനന്തപുരം: ശബരിമല സമരത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ശക്തമായ ഭിന്നതക്കും അക്രമസമരത്തിനേറ്റ തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ ബി.ജെ.പി പൂര്‍ണ രാഷ്ട്രീയ സമരത്തിന് ഇറങ്ങുന്നു. വിശ്വാസികള്‍ക്കൊപ്പം എന്നപേരില്‍ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആരംഭിച്ച സമരം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും അണികളുടെ നിസ്സഹകരണവും കാരണം തീര്‍ത്തും രാഷ്ട്രീയ സമരം മാത്രമാക്കി മാറ്റിയാണ് ബി.ജെ.പി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തുന്നത്.
യുവതികളെ കയറ്റരുതെന്ന ആവശ്യങ്ങള്‍ മാറ്റി സമരം കമ്യൂണിസ്റ്റുകള്‍ക്കെതിരേ മാത്രമാക്കിയാണ് മാറ്റുന്നത്. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആവശ്യപ്പെട്ടതുപോലെ കമ്യൂണിസ്റ്റുകള്‍ക്കെതിരായ സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കാണ് മാറ്റുന്നത്.
ശബരിമല സമരത്തില്‍ തുടര്‍ച്ചയായേറ്റ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ നിലപാടുമാറ്റം. ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേതൃതലത്തില്‍ നടന്ന ആലോചനയെ തുടര്‍ന്നാണ് സമരത്തിന്റെ ദിശ മാറ്റിയിരിക്കുന്നത്. കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശബരിമല സമരം മുരളീധര പക്ഷം കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതായി പാര്‍ട്ടിക്കുള്ളില്‍ നേരത്തെതന്നെ വിമര്‍ശനമുണ്ടായിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് കെ.പി ശശികലയെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ കാര്യമായ പ്രതിഷേധം പോലും ഉയര്‍ത്താതിരുന്നത് ബി.ജെ.പിയിലെ ഭിന്നത രൂക്ഷമായതിന്റെ ലക്ഷണമായിരുന്നു. ഇക്കാര്യത്തില്‍ മുരളീധര വിഭാഗം കേന്ദ്രനേതൃത്വത്തിന് കത്തെഴുതുകപോലുമുണ്ടായി. സുരേന്ദ്രനെ തുടര്‍ച്ചയായി കേസുകളില്‍ കുടുക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടും സംസ്ഥാന നേതൃത്വത്തിന്റെ തണുത്ത സമീപനവും കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്. സമരത്തിന് ആളെക്കിട്ടാതായതോടെ ദിശമാറ്റാതെ രക്ഷയില്ലെന്ന ഘട്ടത്തിലാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ നീക്കം.
മുരളീധര വിഭാഗത്തിന്റെ അതൃപ്തി തുടരുകയും അണികള്‍ പിന്‍വലിയുകയും ചെയ്ത സാഹചര്യത്തിലാണ് ശബരിമല സമരം ഇനി സെക്രട്ടേറിയറ്റ് നടയിലേക്ക് പറിച്ചുനടാന്‍ ബി.ജെ.പി. തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."