പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് കുട്ടികള്‍ക്ക് രക്ഷയില്ലാതെ കേരളം
തിരുവനന്തപുരം: വീടുകളിലടക്കം രക്ഷയില്ലാതെ കേരളത്തിലെ കുരുന്നുകള്‍. പോക്‌സോ കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ക്രമാതീതമായ വര്‍ധനവ്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 2197 ശാരീരിക പീഡന കേസുകളും 1326 ബാല ലൈംഗിക പീഡന കേസുകളും 224 ശൈശവ വിവാഹ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ചൈല്‍ഡ് ലൈനിന് മുന്നിലെത്തിയ കേസുകളില്‍ 51 ശതമാനവും അടുത്ത ബന്ധുക്കളില്‍ നിന്നുണ്ടായതാണ്. 49 ശതമാനമാണ് പുറമെയുള്ളവരില്‍ നിന്നുണ്ടാകുന്ന പീഡനങ്ങള്‍. അച്ഛന്‍ (546), അമ്മ (176), രണ്ടാനച്ഛന്‍ (99), രണ്ടാനമ്മ (51), മുത്തച്ഛന്‍ (60), ബന്ധുക്കള്‍ (199) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. 288 കേസുകളില്‍ പ്രതിസ്ഥാനത്ത് സ്‌കൂള്‍ അധ്യാപകരാണ്. 423 കേസുകളില്‍ അയല്‍ക്കാരും 87 കേസുകളില്‍ ബസ് ജീവനക്കാരും പ്രതികളാണ്. സംസ്ഥാനത്ത് ഏറ്റവുമധികം പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മലപ്പുറത്താണ് (455). തിരുവനന്തപുരം 400, കൊല്ലം 277, എറണാകുളം 304, പത്തനംതിട്ട 113, ആലപ്പുഴ 183, കോട്ടയം 159, ഇടുക്കി 130, തൃശൂര്‍ 274, പാലക്കാട് 224, കോഴിക്കോട് 282, വയനാട് 133, കണ്ണൂര്‍ 262, കാസര്‍കോട് 163 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും 11-15 പ്രായപരിധിയിലുള്ളവരാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ലൈംഗിക പീഡനത്തിനിരയായത് (ആണ്‍കുട്ടികള്‍- 551, പെണ്‍കുട്ടികള്‍- 311). അഞ്ചുവയസ് വരെ പ്രായമുള്ള 138 ആണ്‍കുട്ടികളും 98 പെണ്‍കുട്ടികളും ആറുമുതല്‍ 10 വയസ് വരെ പ്രായമുള്ള 323 ആണ്‍കുട്ടികളും 207 പെണ്‍കുട്ടികളും 16-18 പ്രായപരിധിയിലെ 360 ആണ്‍കുട്ടികളും 209 പെണ്‍കുട്ടികളും കഴിഞ്ഞവര്‍ഷം ശാരീരിക അതിക്രമങ്ങള്‍ക്കിരയായതായി ചൈല്‍ഡ് ലൈന്‍ തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ ജോബി കൊണ്ടൂര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."