സമുദ്രസുരക്ഷ പ്രധാനം: രാഷ്ട്രപതി
ഏഴിമല (കണ്ണൂര്‍): പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാവെല്ലുവിളികളാണ് ഇന്ന് രാജ്യം നേരിടുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
ഏഴിമല നാവിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സൈനിക യൂനിറ്റുകള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാരാളം തീരപ്രദേശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുന്നതിന് സമുദ്രസുരക്ഷ അതിപ്രധാനമാണ്. വലിയ സംഘര്‍ഷമോ പ്രകൃതിദുരന്തമോ ക്രമസമാധാന വെല്ലുവിളിയോ ഉണ്ടാകുമ്പോള്‍ നാവികസേനയെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക രംഗത്തെ വളര്‍ച്ച സൈനിക പരിശീലന രംഗത്തുകൂടി ഉപയോഗപ്പെടുത്തുന്നതിന് നാം സജ്ജമാകണം. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏഴിമല നാവിക അക്കാദമിയുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയുടെ മികവിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയും മുന്‍ഗാമികളെയും രാഷ്ട്രപതി അനുമോദിച്ചു. നാവിക അക്കാദമി ആസ്ഥാനത്ത് കേഡറ്റ് പരേഡിനു ശേഷമായിരുന്നു പുരസ്‌കാര സമര്‍പ്പണം.
പട്ടില്‍ തയാറാക്കിയ പ്രത്യേക പതാകയായ പ്രസിഡന്റ്‌സ് കളര്‍ രാഷ്ട്രപതിയില്‍ നിന്ന് അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ സുശീല്‍ സിങ് ഏറ്റുവാങ്ങി. പ്രത്യേക തപാല്‍ കവറും പുറത്തിറക്കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, നാവിക സേനാ ചീഫ് അഡ്മിറല്‍ കരംബീര്‍ സിങ്, വൈസ് അഡ്മിറല്‍ ദക്ഷിണ നാവിക കമാന്‍ഡന്റ് എ.കെ ചാവ്‌ല തുടങ്ങിയവര്‍ പങ്കെടുത്തു. 32ാം ബറ്റാലിയന്‍ എന്‍.സി.സി കാഡറ്റുകള്‍, കുടക് സൈനിക് സ്‌കൂള്‍, പയ്യന്നൂരിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരും ചടങ്ങിനെത്തി.
സന്ദര്‍ശനം
പൂര്‍ത്തിയാക്കി
രാഷ്ട്രപതി മടങ്ങി
കണ്ണൂര്‍: രണ്ടുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങി.
ഏഴിമല നാവിക അക്കാദമിയില്‍ പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം സമ്മാനിക്കാനാണ് വായുസേനയുടെ പ്രത്യേക വിമാനത്തില്‍ രാഷ്ട്രപതി ചൊവ്വാഴ്ച കണ്ണൂരിലെത്തിയത്. അന്നുരാത്രി ഏഴിമല നാവിക അക്കാദമിയില്‍ തങ്ങിയ രാഷ്ട്രപതി ഇന്നലെ പരിപാടിക്കുശേഷം ഹെലികോപ്റ്ററില്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തി 11.30ഓടെ ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു. രാഷ്ട്രപതിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഡല്‍ഹിക്കു മടങ്ങി. ഇരുവരെയും യാത്രയാക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."