പ്രളയക്കെടുതി: വൈദ്യുത തൂണുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡിലെ വൈദ്യുത തൂണുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മിക്ക തൂണുകളും വീഴാന്‍ പാകത്തില്‍ ചെരിഞ്ഞു നില്‍ക്കുകയാണ്.
മാങ്ങില്‍കൈ മുതല്‍ പാലയാട് വരെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഇരുപത്തഞ്ചോളം തൂണുകളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. ചിലയിടത്ത് വീടിനു നേര്‍ക്കാണ് ഇവയുടെ നില്‍പ്. ചിലതൊക്കെ താങ്ങി നിര്‍ത്തിയിരിക്കുകയാണ്.
അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവ നേരെയാക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
കഴിഞ്ഞ പ്രളയത്തില്‍ മാങ്ങില്‍കൈ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതില്‍പെട്ടാണ് വൈദ്യുത തൂണുകള്‍ ചെരിഞ്ഞത്.
പുഴയിലേക്ക് മറിഞ്ഞ തൂണുകള്‍ യഥാസമയം നന്നാക്കിയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. ചെരിഞ്ഞ തൂണുകള്‍ പിന്നീട് നേരെയാക്കുമെന്നാണ് കരുതിയത്. എന്നാല്‍ മൂന്നു മാസം പിന്നിട്ടിട്ടും ഇവയൊന്നും സാധാരണ നിലയിലാക്കിയില്ല. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."