മൈക്രോ ഫിനാന്‍സ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നയാളെ മര്‍ദിച്ചെന്ന് പരാതി
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെയുള്ള എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഹരജിക്കാരനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് പുറത്തുകൊണ്ടുവരികയും ഇതിനെതിരേ കേസുകൊടുക്കുകയും ചെയ്ത ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ വള്ളിയിലിനാണ് മര്‍ദനമേറ്റത്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയന്റെ കണ്‍വീനറായിരിക്കെ ഓഫിസില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളുള്‍പ്പടെ സുനില്‍ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്കി. ഇക്കഴിഞ്ഞ 22ന് നടന്ന സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും സുനില്‍ ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയനില്‍ നടക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിക്കെതിരേ നിയമനടപടി സ്വീകരിച്ചതിനാണ് യൂനിയന്‍ കണ്‍വീനറായിരുന്ന തന്നെ, ചെയര്മാന് അനില്‍ പി. ശ്രീരാഗത്തിന്റെ നിര്‍ദേശപ്രകാരം എട്ടംഗസംഘം ആക്രമിച്ചതെന്ന് സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് എസ്.എന്‍.ഡി.പി യോഗത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയില്ല. സ്ഥലം എം.എല്‍.എ സജി ചെറിയാനോട് പരാതി പറഞ്ഞു. അദ്ദേഹവും ഇടപെട്ടില്ലെന്നും സുനില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."