ഇന്തോനേഷ്യയില്‍ 90 തടവുകാര്‍ ജയില്‍ ചാടി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 90 തടവുകാര്‍ ജയില്‍ ചാടി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ബന്ദാ ആച്ചേയില്‍ വ്യാഴാഴ്ച പ്രാര്‍ഥനാ സമയത്താണ് ഇവര്‍ രക്ഷപ്പെട്ടതെന്നും ജയില്‍ ചാടാന്‍ ശ്രമിച്ച ചിലരെ പിടികൂടിയെന്നും ഇന്തോനേഷ്യന്‍ ജസ്റ്റിസ് മന്ത്രാലയം പറഞ്ഞു.
ലംബാരോ ജയിലിലാണ് സംഭവമെന്നും 726 തടവുകാരാണ് ജയിലിലുണ്ടായിരുന്നതെന്നും മന്ത്രാലയ വക്താവ് അഡെ കുസുമാന്റോ പറഞ്ഞു. 113 പേര് ജയില്‍ ചാടിയെങ്കിലും ഇവരില്‍ 23 പേരെ പിടികൂടി. രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
വൈകിട്ട് പ്രാര്‍ഥനാ സമയത്താണ് സംഭവം. രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും ലഹരിക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ജയില്‍ ചാടിയത്. ജയില്‍ ഗാര്‍ഡിനെ കീഴടക്കിയതിനു ശേഷം ജയിലിനു മുന്‍ഭാഗത്തു കുഴികളുണ്ടാക്കി നെല്പ്പാടത്തിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഗാര്‍ഡിനു പരുക്കേറ്റെങ്കിലും ഗുരുതരമല്ല. രക്ഷപ്പെട്ടവരോട് മൂന്നു ദിവസത്തിനുള്ളില്‍ കീഴടങ്ങണെന്നു പൊലിസ് തവന് റിയോ സെപ്റ്റിയാണ്ട ഡജ്മ്പാക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടികൂടാനായി പൊലിസ് ബന്ധുക്കളുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."