അനധികൃതമായി സര്‍വിസില്‍നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്ക് അന്ത്യശാസനം
തിരുവനന്തപുരം: അനധികൃതമായി സര്‍വിസില്‍നിന്നു വിട്ടുനില്‍ക്കുന്നവരും പുനഃപ്രവേശിക്കുവാന്‍ താല്‍പര്യമുള്ളവരുമായ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാരും ഈമാസം 30ന് മുന്‍പായി സര്‍വിസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
483 ഡോക്ടര്‍മാരും 97 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ 580 പേര്‍ക്കാണ് അവസാന അവസരം ലഭിക്കുന്നത്. വകുപ്പ് മേധാവി മുന്‍പാകെ നേരിട്ട് ഹാജരായി സര്‍വിസില്‍ പുനഃപ്രവേശിക്കുന്നതിനായി സന്നദ്ധത അറിയിക്കണം. രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടികളുടെ തീര്‍പ്പിനും വിധേയമായിട്ടായിരിക്കും നിയമനം നല്‍കുക. നിശ്ചിത തിയതിക്കു ശേഷം അനധികൃതമായി സര്‍വിസില്‍നിന്നു വിട്ടുനില്‍ക്കുന്നവര്‍ക്ക് ഇനിയൊരവസരം നല്‍കില്ല. അത്തരക്കാരെ സര്‍വിസില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരാണെന്ന നിഗമനത്തില്‍ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതും സര്‍വിസില്‍നിന്നു നീക്കം ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അവസരം നല്‍കിയിട്ടും അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് നേരത്തെ പുറത്താക്കിയിരുന്നു. അതിനു പിന്നാലെ വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സര്‍വിസില്‍ പുനഃപ്രവേശിക്കാന്‍ ഒരവസരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."