പ്രളയാനന്തര പുനര്‍നിര്‍മാണം: ജലവകുപ്പിന് 350 കോടി; കുടുംബശ്രീക്ക് 250 കോടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ എഴുന്നൂറ്റി പതിനാറരക്കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി. ലോക ബാങ്ക് അനുവദിച്ച വായ്പാ തുക ഉപയോഗപ്പെടുത്തിയാണ് ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പദ്ധതി അംഗീകരിച്ച് ഉത്തരവിറക്കിയത്. ജലസേചന വകുപ്പിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. 350 കോടി രൂപ. ഇതില്‍ നൂറ്റി എണ്‍പത്തി രണ്ടരക്കോടി കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ഉപയോഗിക്കും.
കുടുംബശ്രീക്ക് 250 കോടിയാണ് നല്‍കുന്നത്. ഈ തുകയില്‍ 205 കോടി വരുമാനം കണ്ടെത്തുന്ന പദ്ധതികള്‍ക്കായി മാറ്റിവയ്ക്കും.ബാക്കി തുക രണ്ടു ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ സഹായം, 1.6 ലക്ഷം കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗം എന്നിവയാണ് നടപ്പാക്കുന്നത്.
205 കോടിയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 45 കോടി രൂപ ചെലവഴിക്കും. 1,000 സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ടും 25,000 അയല്‍ക്കൂട്ടങ്ങള്‍ക്ക് വള്‍ണറബിലിറ്റി റിഡക്ഷന്‍ ഫണ്ടും നല്‍കും. പതിനായിരം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇത്രയും പേര്‍ക്ക് ഇലക്ട്രിക്കല്‍, പ്ലംബിങ് മേഖലയിലും പരിശീലനം നല്‍കി തൊഴില്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. എല്ലാ ജില്ലയിലും സ്റ്റാര്‍ട്ടപ് വില്ലേജിനായി 70 കോടി രൂപ നല്‍കും. 600 സി.ഡി.എസുകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പയും നല്‍കും. കോഴി വളര്‍ത്തലിന് 22 കോടിയും ബ്രീഡര്‍ ഫാമുകള്‍ക്ക് 8 കോടിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."