പുതുവഴി വെട്ടിയ പത്ത് കഥകള്‍
കഥകളില്‍ പുതുമയുടെ അനന്തസാധ്യതകള്‍ തേടിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകാരനാണ് മജീദ് സെയ്ദ്. 2017 ല്‍ പ്രസിദ്ധീകൃതമായ 'ഉറുമ്പുകള്‍ എത്താത്ത ഇടം' എന്ന കഥാസമാഹാരത്തില്‍ വ്യത്യസ്ത പ്രമേയങ്ങളും ശൈലിയും സ്വീകരിച്ചു കൊണ്ടെഴുതിയ പത്തു കഥകളാണുള്ളത്. ആമുഖങ്ങളില്ലാത്ത ജീവിതങ്ങള്‍ മുതല്‍ തത്തമ്മ കൂട് വരെയുള്ള ഈ പത്തുകഥകളിലായി മജീദ് സെയ്ദ് വരച്ചിടുന്നത് പൂര്‍ണതയിലേക്കുള്ള പ്രയാണത്തില്‍ അപൂര്‍ണതയില്‍ കാലുടക്കി ജീവിതത്തിന്റെ ഗതിവിഗതികള്‍ അവിശ്വസനീയമാം വിധം മാറിമറിയുന്ന കഥാപശ്ചാത്തലങ്ങളാണ്.
ആദ്യത്തെ കഥയായ 'ആമുഖങ്ങളില്ലാത്ത ജീവിതങ്ങള്‍' കദാനിയെന്ന ഫലസ്തീനി നേരിടുന്ന ജീവിത സംഘര്‍ഷങ്ങളിലൂടെ വികസിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന ഒരു മികച്ചരചനയായി കാണണം. തന്റെ കുഞ്ഞുങ്ങളെ പിച്ചിച്ചീന്തിയ ക്യാപ്റ്റന്‍ എല്‍ദവേറിനേയും അയാളുടെ കാമുകി ക്ലീത്തറിനേയും കാറിടിപ്പിച്ച് മതിലില്‍ ഒട്ടിച്ചുചേര്‍ക്കുന്ന പര്യവസാനം കഥയില്‍ പുലരുന്ന ധാര്‍മ്മികതയുടെ അനിവാര്യതയായി ന്യായീകരിക്കാവുന്നതേയുള്ളു.
'വേണ്ടാ എന്ന് തോന്നുന്നിടംവരെ' എന്ന കഥയില്‍ പണമല്ല മന:സമാധാനവും നേരിന്റേയും നെറിയുടേയും പാതയിലാണ് ആത്യന്തികമായ ജീവിതവിജയം കുടികൊള്ളുന്നതെന്ന മഹത്തായ ഒരാത്മീയ സന്ദേശം നല്‍കുന്നുണ്ട്. പ്രകാശന്‍ ഏല്‍പ്പിച്ച കനമുള്ള ബാഗ് കായലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ദുരമൂത്തചിന്തകള്‍ക്ക് ആണിയടിക്കുന്നതോടെ ഗതി മാറുന്ന കഥയില്‍ അസ്വാഭാവികതയുടെ വലിയ വിശ്വസ്തതയുണ്ട്. 'ഒരു മാസത്തേക്കുള്ള ചിരി' എല്ലാ അര്‍ഥത്തിലും ജീവിതഗന്ധിയായ കഥയാണ്. കുഞ്ഞാപ്പനും ജെയിംസും മോഹങ്ങളേറെയില്ലാത്ത ലോകത്ത് സ്‌നേഹം മാത്രം ഭക്ഷിച്ച് ജീവിക്കുന്നവര്‍, അവര്‍ക്കിടയിലേക്ക് സഹായ ഹസ്തവുമായി കടന്നുവരുന്ന അയാള്‍ എന്ന കഥാപാത്രത്തിന് വേണമെങ്കില്‍ ബഷീര്‍ സൃഷ്ടിച്ച 'ഇതാഒരു മനുഷ്യന്‍' എന്ന കഥയെ ഓര്‍മിപ്പിക്കാം. ജീവിതത്തിന്റെ നശ്വരത എന്ന പരമ സത്യത്തെ അടിവരയിട്ടാവിഷ്‌ക്കരിക്കുന്ന ഒരാത്മീയ പരിവേഷം ഈ കഥയിലും കണ്ടെത്താവുന്നതേയുള്ളു.
'മരിച്ചവര്‍ക്കും മരിക്കാത്തവര്‍ക്കും ഇടയില്‍' ഈ കഥയില്‍ മരണത്തെ തത്വശാസ്ത്രപരമായി വിശകലനം ചെയ്യുന്ന അസാധാരണ തലങ്ങളുണ്ട്. 'നിശ്ചയിക്കാനാവാത്ത കാലൊച്ച കേള്‍പ്പിക്കാത്ത അപരിചിതനായ സഹയാത്രികനാണ് മരണം'. അതുപോലെ മരിച്ചവര്‍ പറയുന്നതെന്തും തത്വശാസ്ത്രങ്ങളുടെ ഘോഷയാത്രയാവുന്നത് ജീവിതം അത്രമേല്‍ കാപട്യത്തിന്റെ കളിയരങ്ങായതിനാലാണ്.. തുടങ്ങിയ നിര്‍വ്വചനങ്ങള്‍ കഥയിലൂടെ വരച്ചിടുന്ന കഥാകൃത്ത് മരണാനന്തര ജീവിതത്തിന് ഒരിടത്ത് ഒരു സമസ്യയുടെ പരിവേഷം നല്‍കാന്‍ ശ്രമിക്കുന്നുമുണ്ട്.
ജീവിതാസക്തിക്കു മുന്‍പില്‍ അനിവാര്യമായ സത്യത്തെപ്പോലും അംഗീകരിക്കാന്‍ മടിക്കുന്ന മനുഷ്യന്റെ പരിമിതിയെ ഓര്‍മിപ്പിക്കുന്ന 'വഴിയില്‍ കണ്ട മാന്ത്രികന്‍', കുഞ്ഞച്ചന്‍, മേരി, പ്രസിഡണ്ട്, ഇടതന്‍ ബാലന്‍, മേരിയുടെ മകള്‍ അമ്മു. ഇവരെല്ലാം ചേര്‍ന്നുണ്ടാക്കുന്ന ഒരു ലോകത്തെ സ്‌ഫോടനാത്മകമായ വാക്കുകളില്‍ വെടിമരുന്നു നിറച്ച് സമൂഹത്തിന്റെ ജീര്‍ണ്ണ മനസുകള്‍ക്കു നേരെ പൊട്ടിത്തെറിക്കുന്ന 'തെരുവോരങ്ങളിലെ തിരുശേഷിപ്പുകള്‍'
കൊച്ചുകായിയും തങ്ങള്‍പ്പാപ്പയും കാതിലുമ്മയും തീര്‍ക്കുന്ന വെളുത്തതും കറുത്തതുമായ ജിന്നുകളുടെ ലോകംകൊണ്ട് നിറഞ്ഞ മിത്തുകളുടെ നിറകുടമായ 'കൊച്ചു കായീടെ ഉപ്പ' എല്ലാം മജീദ് സെയ്ദിയുടെ വേറിട്ട രചനാപാടവത്തിന് അടിവരയിടുന്ന കഥകളാണ്.
യുദ്ധത്തിന്റെ ഉപോല്‍പ്പന്നമായ അഭയാര്‍ഥികളുടെ നേര്‍ജീവിതത്തിലേക്ക് വെളിച്ചം വീശിതുടങ്ങി സമാഹാരത്തിലെ ആദ്യ കഥയെങ്കില്‍ ഇതിലെ അവസാനത്തെ കഥയായ 'തത്തമ്മക്കൂട്' ഫൈറൂസി എന്ന അഭയാര്‍ഥിക്കുട്ടിയേയും അവന്റെ എല്ലാമെല്ലാമായ തത്തയേയും വായനക്കാരിലേക്ക് മാജിക്ക് റിയലിസംപോലെ കടത്തിവിട്ട് കഥ പറഞ്ഞ് മജീദ് സെയ്ദ് യുദ്ധം വരുത്തിവയ്ക്കുന്ന വിനയെ സൂക്ഷ്മമായി ഒപ്പിയെടുത്ത, സമാഹാരത്തിലെ തന്നെ ഏറ്റവും മികച്ച കഥയായി കരുതാം.
മജീദ് സെയ്ദിയെ തീര്‍ത്തും വ്യതിരിക്തമാക്കുന്ന ഒരു ശൈലി ഈ കഥയ്ക്കുണ്ട്. ഒപ്പം നിസഹായന്റെ മുന്‍പില്‍ രക്ഷാകവചങ്ങള്‍ കൊട്ടിയടക്കപ്പെടുന്നവനേയും, സര്‍വ്വനാശത്തിന്റെ നീര്‍ക്കയത്തില്‍ മുക്കുമ്പോള്‍ യുദ്ധവും സമാധാനവും ഒന്നാലോചിച്ചാല്‍ ഒരെത്തുംപിടിയും കിട്ടാത്ത മിഥ്യയായി ഒടുങ്ങുന്നത് ഈ കഥയില്‍ ദര്‍ശിക്കാം.
പുസ്തകത്തിന്റെ പേര് 'ഉറുമ്പുകള്‍ എത്താത്ത ഒരിടം' എന്നാണ്. എന്നാല്‍ ആ പേരില്‍ ഒരു കഥ ഈ സമാഹാരത്തില്‍ ഇല്ല. പേര് സൂചിപ്പിക്കുംപോലെ ഒരു അത്യപൂര്‍വ്വലോകത്തു നിന്നു കൊണ്ടാണ് മജീദ് സെയിദ് കഥ പറയുന്നതെന്നു തോന്നിപ്പിക്കുന്നുമുണ്ട്. ഒന്നിനൊന്ന് തീര്‍ത്തും വ്യത്യസ്തമായാണ് ഓരോ കഥയും അണിയിച്ചൊരുക്കിയിരിക്കുന്നത്. കുറിക്കുകൊള്ളുന്ന വാക്കുകള്‍ കൊണ്ട് ആത്മീയതയുടേതായ വലിയൊരു ആശയലോകം മിക്ക കഥകളിലും വിദഗ്ധമായി സന്നിവേഷിപ്പിച്ചിരിക്കുന്നു എന്നിടത്ത് മജീദ് സെയ്ദിന്റെ കഥാലോകം വേറിട്ടുനില്‍ക്കുന്നു.
നിയതം ബുക്‌സ്
മേപ്പാടി, വയനാട്
വില: 140 രൂപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."