HOME
DETAILS
MAL
അറബിഭാഷ ബ്രെയിലി ലിപിയില്‍ രൂപപ്പെടുത്തി അന്ധവിദ്യാലയം
backup
November 24 2019 | 01:11 AM
പാലക്കാട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളും മൗലിദ് കിത്താബുകളും തൊട്ടറിയാന്‍ ബ്രെയിലി ലിപി തയാറാക്കി പെരിന്തല്‍മണ്ണ പുലാമന്തോളിലെ കാട്ടുപാറയിലെ ഗൈഡന്‍സ് കാംപസില്‍ പ്രവര്‍ത്തിക്കുന്ന സമസ്തയുടെ എസ്.എസ്.എം അന്ധവിദ്യാലത്തിലെ അന്തേവാസികള്‍.
കാഴ്ചയില്ലാത്തവരായ നാല്പതോളം അന്തേവാസികള്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതും സ്വന്തമായി തയാറാക്കിയ ബ്രെയിലി ലിപിയിലൂടെയാണ്. അന്ധര്‍ക്കുള്ള ബ്രെയിലി ലിപിയില്‍ അറബി പഠനത്തിനായി പുസ്തകം തയാറാക്കുന്നത് ഇന്ത്യയില്‍ തന്നെ ആദ്യമായാണെന്ന് വര്‍ക്കിങ് സെക്രട്ടറി സി.എം മുസ്തഫ മാസ്റ്റര്‍ സുപ്രഭാതത്തോട് പറഞ്ഞു.
സ്ഥാപനത്തിന്റെ പി.ആര്.ഒയും കാഴ്ചപരിമിതിയുള്ളയാളുമായ കോട്ടക്കല്‍ സ്വദേശി മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിലാണ് ബ്രെയ്ലി ലിപിയില്‍ അറബി പഠനവും മൗലിദ് കിത്താബുകളും തയാറാക്കിയത്.
ഇവിടെ പൊതുസ്കൂളില്നിന്ന് പഠനം നടത്താനുള്ള സൗകര്യവും മദ്റസാ പഠനത്തിനും പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാഴ്ചപരിമിതരായ 32 കുട്ടികളും എട്ട് മുതിര്ന്നവരുമാണിവിടെയുള്ളത്. ആറു മുതല്‍ പത്താം ക്ലാസുവരെ പഠിക്കുന്നവരാണ് കുട്ടികള്‍.
2017 ല്‍ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഇദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഖുര്‍ആന്‍ ബ്രെയ്ലി ലിപിയിലേക്ക് മാറ്റി മജ്ലിസുന്നൂര് ചൊല്ലുന്നത്. തുടക്കത്തില്‍ കാഴ്ചയില്ലാത്ത കാസര്‍കോട് സ്വദേശി മുഹമ്മദ് ഇസ്ഹാക്ക് മാത്രമാണ് ഉണ്ടായിരുന്നത്.
പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആറുവനിതകളില് ഒരാള്‍ മാത്രമാണ് പഠിക്കുന്നത്. ഇവരുടെ ട്യൂട്ടറായി കാഴ്ചപരിമിതിയുള്ള ആരിഫയാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടത്തെ അന്തേവാസികള്‍ക്കായി തൊഴില്‍ പരിശീലനവും നല്‍കുന്നുണ്ട്. കുട നിര്‍മാണം, ചവിട്ടി നിര്‍മാണം, ചന്ദനത്തിരി നിര്‍മാണം, ചോക്ക് നിര്‍മാണം എന്നിവയില്‍ പരിശീലനം ലഭിച്ച ഇവര്‍ സ്വന്തമായി ഉല്പന്നങ്ങള് നിര്‍മിച്ച് വില്പന നടത്തുന്നുണ്ട്. കാഴ്ചയില്ലാത്തവര്‍ക്കായി ഉംറ, ഹജ്ജ് എന്നിവയ്ക്കായി സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."