യു.എസിനെ പരിധിയിലാക്കി ഉ.കൊറിയയുടെ മിസൈല്‍
പ്യോങ്്‌യാങ്: അമേരിക്ക മുഴുവന്‍ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐ.സി.ബി.എം) വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ. അമേരിക്കക്ക് കടുത്ത മുന്നറിയിപ്പാണ് വിക്ഷേപണമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. അമേരിക്ക തങ്ങളുടെ ആണവായുധ പരിധിയിലാണെന്ന് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ദി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഉത്തര കൊറിയ അവകാശപ്പെടുന്ന ദൂരപരിധി പല മിസൈലുകള്‍ക്കും ഇല്ലെന്ന് വിദഗ്ധര്‍ പറയുന്നു. മൂന്നാഴ്ച മുന്‍പും ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചിരുന്നു. ഹവാസോങ്-14 എന്ന ഭൂഖണ്ഡാന്തര മിസൈല്‍ കഴിഞ്ഞ മൂന്നിനാണ് പരീക്ഷിച്ചത്.
ഭൂഖണ്ഡാന്തര മിസൈലിന്റെ ആദ്യ പതിപ്പായിരുന്നു ഇത്. അമേരിക്കയിലെ അലസ്‌ക വരെയെത്തുന്നതായിരുന്നു ഇത്. എന്നാല്‍ അമേരിക്കന്‍ വന്‍കര പൂര്‍ണമായും പരിധിയില്‍ വരുന്നതാണ് പുതിയ മിസൈല്‍.
ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയന്‍ സൈന്യവും പെന്റഗണും സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 11.41 നാണ് വിക്ഷേപണം നടന്നതെന്നും വടക്കന്‍ മേഖലയിലെ ജഗാങ് പ്രവിശ്യയില്‍ വച്ചാണ് വിക്ഷേപണം നടന്നതെന്നും പെന്റഗണ്‍ സ്ഥിരീകരിച്ചു. 47 മിനുട്ടിനകം മിസൈല്‍ 3,724 കി.മി ഉയരത്തില്‍ വരെ സഞ്ചരിച്ചു. സാധാരണ അര്‍ധരാത്രിയോടെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്താറില്ല. ഈ പ്രദേശത്തുവച്ച് നടത്തുന്ന ആദ്യത്തെ മിസൈല്‍ പരീക്ഷണവുമാണിത്.
മിസൈല്‍ പരീക്ഷണം നടത്തിയ സ്ഥലവും സമയവും ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചു. സാങ്കേതിക രംഗത്ത് നിര്‍ണായക പുരോഗതിയാണ് ഉത്തര കൊറിയ നേടിയതെന്നും ദ.കൊറിയന്‍ സൈന്യം പറഞ്ഞു.
തങ്ങളുടെ രാജ്യത്തിന് ഉത്തര കൊറിയയുടെ ഭീഷണി വര്‍ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞു. ചൈനയും മിസൈല്‍ പരീക്ഷണത്തെ അപലപിച്ച് രംഗത്തെത്തി. ഇത്തരം പ്രകോപനം നിര്‍ത്തണമെന്നും എല്ലാവരും ആശങ്കയിലാണെന്നും ചൈന വ്യക്തമാക്കി.
മിസൈലിന്റെ പുനഃപ്രവേശന കഴിവാണ് വിജയകരമായി തെളിയിക്കപ്പെട്ടതെന്ന് ഉത്തര കൊറിയ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വിലക്ക് ലംഘിച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നത്. ഉത്തര കൊറിയക്കെതിരേ കഴിഞ്ഞ ദിവസം യു.എസ് സെനറ്റ് പുതിയ ഉപരോധം പാസാക്കി മണിക്കൂറുകള്‍ക്കകമാണ് അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഉ.കൊറിയ പരീക്ഷിച്ചത്.
എന്താണ് ഐ.സി.ബി.എം?
ഭൂഖണ്ഡങ്ങള്‍ താണ്ടി ആക്രമണം നടത്താന്‍ ശേഷിയുള്ള മിസൈല്‍. അണുവായുധം വഹിക്കാന്‍ ശേഷി. ഭൂമിയുടെ അന്തരീക്ഷ പരിധിക്കു മുകളില്‍ വരെയെത്താനുള്ള ശേഷി. ഭ്രമണപഥം മറികടന്ന് തിരിച്ചെത്താനും ശേഷിയുണ്ടെന്ന് ഉ.കൊറിയ പറയുന്നു. മറ്റു രാജ്യങ്ങളെ ബാധിക്കാതിരിക്കാനാണ് മിസൈല്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. 10,400 കി.മി അകലെയുള്ള ന്യൂയോര്‍ക്ക് സിറ്റിയില്‍വരെയെത്താന്‍ ശേഷി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."