ഇന്ത്യന്‍ സുനാമി; ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 304 റണ്‍സിന്റെ കൂറ്റന്‍ ജയം
ഗാല്ലെ: ബാറ്റിങിലും ബൗളിങിലും ഇന്ത്യ തീര്‍ത്ത സുനാമി തിരയില്‍ പെട്ട് ശ്രീലങ്ക ഒലിച്ചുപോയി. സുനാമി ദുരന്തത്തില്‍ നശിച്ചു പോയി പുതുക്കി പണിത ഗാല്ലെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ നിര റണ്‍സിന്റേയും വിക്കറ്റുകളുടേയും രൂപത്തില്‍ തിരമാലകള്‍ തീര്‍ത്തപ്പോള്‍ എതിരാളികള്‍ ഹതാശര്‍. ഒരു ദിവസം ശേഷിക്കെ ഇന്ത്യ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 304 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി. വിദേശ രാജ്യത്ത് ഇന്ത്യ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണ് (റണ്‍സ് അടിസ്ഥാനത്തില്‍) ഗാല്ലെയിലേത്. ശ്രീലങ്കയാകട്ടെ സ്വന്തം മണ്ണിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍.
രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ 550 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് വച്ചത്. എന്നാല്‍ ലങ്കയ്ക്ക് 245 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്. ഇന്ത്യന്‍ സ്പിന്‍ ദ്വയങ്ങളായ അശ്വിന്‍- ജഡേജ സഖ്യം കാര്യങ്ങള്‍ തീരുമാനിച്ചതോടെ ലങ്കന്‍ ബാറ്റിങ് നിരയ്ക്ക് ഉത്തരമില്ലാതെ പോയി. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഇരുവരുടേയും പന്തുകള്‍ക്ക് മുന്നില്‍ ലങ്കന്‍ നിര ചൂളിനിന്നു. ദിമുത് കരുണരത്‌നെ (97), നിരോഷന്‍ ഡിക്ക്‌വെല്ല (67) എന്നിവര്‍ മാത്രം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇരു താരങ്ങളുടേയും പ്രകടനം ഒന്നിനും മതിയാകുമായിരുന്നില്ലെന്നു മാത്രം. കുശാല്‍ മെന്‍ഡിസ് (36), വാലറ്റത്ത് ദില്‍റുവന്‍ പെരേര (പുറത്താകാതെ 21) എന്നിവരും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയത്തിന് അതും തുണയായില്ല. ഇരട്ട പ്രഹരമായി താത്കാലിക ക്യാപ്റ്റന്‍ രംഗണ ഹെറാത്ത്, ഗുണരത്‌നെ എന്നിവര്‍ക്ക് പരുക്കിനെ തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങാന്‍ സാധിച്ചതുമില്ല. അവരുടെ പോരാട്ടം 245 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ നാലാം ദിനം തന്നെ വിജയം സ്വന്തമാക്കി കൂടാരം കയറി.
അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകളും മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും പിഴുതു.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ച്വറിയുമായി തിളങ്ങി. 76 റണ്‍സില്‍ നിന്ന് നാലാം ദിനം ബാറ്റിങ് തുടങ്ങിയ കോഹ്‌ലി ടെസ്റ്റിലെ 17ാം ശതകം കുറിച്ച ഇന്ത്യന്‍ നായകന്‍ സെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 136 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തി കോഹ്‌ലി 103 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അജിന്‍ക്യ രഹാനെ 23 റണ്‍സുമായി ക്യാപ്റ്റന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. ഓപണര്‍ ശിഖര്‍ ധവാന്‍ (14), സഹ ഓപണര്‍ അഭിനവ് മുകുന്ദ് (81), ചേതേശ്വര്‍ പൂജാര (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ദില്‍റുവന്‍ പെരേര, ലഹിരു കുമാര, ഗുണതിലക എന്നിവര്‍ പങ്കിട്ടു.
രണ്ടിന്നിങ്‌സിലുമായി ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ സെഞ്ച്വറിയും മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറിയും നേടി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്‍ (190), ചേതേശ്വര്‍ പൂജാര (153) എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ കോഹ്‌ലിയും (പുറത്താകാതെ 103) സെഞ്ച്വറി കുറിച്ചു. ആദ്യ ഇന്നിങ്‌സില്‍ രഹാനെ (57), ടെസ്റ്റില്‍ അരങ്ങേറിയ ഹര്‍ദിക് പാണ്ഡ്യ (50), രണ്ടാം ഇന്നിങ്‌സില്‍ അഭിനവ് മുകുന്ദ് (81) എന്നിവരാണ് അര്‍ധ ശതകം പിന്നിട്ടത്. രണ്ടിന്നിങ്‌സിലുമായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ജഡേജ മൊത്തം ആറ് വിക്കറ്റിനുടമയായി. ധവാനാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."