നിലമ്പൂര്‍ മണ്ഡലത്തില്‍ അഞ്ചു പഞ്ചായത്തുകള്‍ ഇനി എല്‍.ഡി.എഫിന്
നിലമ്പൂര്‍: അമരമ്പലം പഞ്ചായത്തു കൂടി എല്‍.ഡി.എഫ് പിടിച്ചെടുത്തതോടെ നിലമ്പൂര്‍ മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിന്. പോത്തുകല്‍, മൂത്തേടം, വഴിക്കടവ്, കരുളായി പഞ്ചായത്തുകളാണ് എല്‍.ഡി.എഫിന്റെ ഭരണത്തിലുള്ളത്.
ഇനി ചുങ്കത്തറ, എടക്കര പഞ്ചായത്തുകളും, നിലമ്പൂര്‍ നഗരസഭയും മാത്രമാണ് യു.ഡി.എഫ് ഭരണത്തിലുള്ളത്. പോത്തുകല്‍ ഇഫക്ടാണ് അമരമ്പലത്തും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസിലെ ഭിന്നത മുതലെടുത്താണ് പോത്തുകല്ലില്‍ ഭരണം പിടിച്ചെടുത്തത്. അതേ രീതിയിലാണ് അമരമ്പലത്ത് പയറ്റിയത്.
കോണ്‍ഗ്രസിലെ അനിതാ രാജു രാജിവച്ചതോടെ 19 സീറ്റുകളില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്‍പത് സീറ്റുകള്‍ വീതമായിരുന്നു. 19 ാം വാര്‍ഡായ നരിപൊയിലില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ടി.പി ഹംസയും കോണ്‍ഗ്രസ് വിട്ട് സി.പിഎമ്മിന് പിന്തുണ നല്‍കിയതോടെ ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ടു. ഇതോടെ യു.ഡി.എഫിന് എട്ടംഗങ്ങള്‍ മാത്രമായി മാറി.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പിലെ വിഭാഗീയതയിലൂടെയാണ് സി.പി.എം മുതലെടുപ്പ് നടത്തുന്നത്. ഒരു മാസത്തിനിടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് സ്ഥാനങ്ങള്‍ രാജിവച്ച് സി.പി.എമ്മില്‍ ചേക്കേറിയത്.
സി.പി.ഐയുടെ കുത്തകയിലായിരുന്ന ഉപ്പുവള്ളി വാര്‍ഡാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ-സി.പി.എം ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. പകപോക്കലെന്നോണം അനിത രാജുവിനെ രാജിവെപ്പിച്ച് കൂടെകൂട്ടി സി.പിഎമ്മും സി.പി.ഐയും ഒന്നിക്കുകയും ചെയ്തതോടെ വാര്‍ഡും ഭരണവും തിരിച്ചുപിടിച്ചു.
പി.വി അന്‍വര്‍ എം.എല്‍.എയെ മുന്നില്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് പോത്തുകല്ലിലും അമരമ്പലത്തും രാഷ്ട്രീയ നേട്ടം കൊയ്‌തെടുത്തത്. അമരമ്പലം കൂടി പിടിച്ചെടുത്തതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് വന്നിരിക്കുന്നത്. 11 അംഗങ്ങളുടെ പിന്‍ബലത്തിലാണ് സി.പിഎമ്മിന് ഭരണം ലഭിക്കുന്നത്.2000 മുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അമരമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. 18 വര്‍ഷത്തിനു ശേഷമാണ് എല്‍.ഡി.എഫ് അമരമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."