ചെളിയും മണലും നിറഞ്ഞ പുഴകളിലെ മണല്‍ വാരല്‍ പുനരാരംഭിക്കുന്നു
കരുവാരകുണ്ട്: പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായതിനെ തുടര്‍ന്ന് ചെളിയും മണലും നിറഞ്ഞ പുഴകളിലെ മണല്‍ വാരല്‍ പുനരാരംഭിക്കുന്നു. പുഴകളില്‍ മണലും ചെളിയും നിറഞ്ഞ് ജലനിരപ്പില്ലാതായിരുന്നു.
ഇത് കടുത്ത ജലക്ഷാമത്തിനിടയാക്കുമെന്ന മുന്നറിയിപ്പാണ് മണല്‍ വാരാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ നിര്‍ബന്ധിച്ചത്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
നടപടികള്‍ ത്വരിതപ്പെടുത്തി മണല്‍വാരല്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഇറിഗേഷന്‍, റവന്യൂ, ഗ്രാമ പഞ്ചായത്ത് വിഭാഗങ്ങള്‍ ഏകോപിച്ച് പദ്ധതി തയ്യാറാക്കി. മണല്‍ വാരല്‍ എളുപ്പത്തില്‍ നടത്താന്‍ തഹസില്‍ദാര്‍ വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ മാസം അന്നത്തെ പ്രസിഡന്റിന്റെ ചുമതലയുള്ള വികസന സ്ഥിരം സമിതി ചെയര്‍മാനായിരുന്ന (ഇപ്പോള്‍ അല്ല) പി. ഷൗക്കത്തലി ജില്ലാ കലക്ടറില്‍ നിന്ന് ഉത്തരവ് വാങ്ങിയതിനെത്തുടര്‍ന്നാണ് താലൂക്ക് തഹസില്‍ദാര്‍ വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടിയത്. ഉടന്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ മണല്‍ വാരല്‍ നടത്തുമെന്ന് വില്ലേജ് ഓഫിസര്‍ അയ്യപ്പന്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്‍കിയ കത്ത് പി. ഷൗക്കത്തലിയില്‍ നിന്ന് വില്ലേജ് ഓഫിസര്‍ കൈപ്പറ്റി. നേരത്തെ ഗ്രാമ പഞ്ചായത്ത് വില്ലേജ് ഓഫിസറോട് സ്ഥല നിര്‍ണയവും എല്‍.എസ്.ജി.ഡി എന്‍ജിനീയറോട് എസ്റ്റിമേറ്റും തയാറാക്കി കലക്ടര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേതുടര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെ ഇക്കോ ടൂറിസം വില്ലേജിനോട് ചേര്‍ന്നുള്ള ഒലിപ്പുഴയില്‍ മണല്‍ വാരല്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
ഇക്കോ വില്ലേജിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഒലിപ്പുഴ ഡാമില്‍ മണ്ണ് നിറഞ്ഞതിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫെഡല്‍ ബോട്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തി വച്ചിരുന്നു.
ഇനി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യലും വാരലും നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."