ആലത്തൂര്‍ പഞ്ചായത്ത് മാലിന്യം വലിച്ചെറിയേണ്ട, വീട്ടില്‍ വന്നെടുക്കും
ആലത്തൂര്‍: ആലത്തൂരുകാര്‍ ഇനി മാലിന്യം വലിച്ചെറിയേണ്ട, ഹരിത കര്‍മ്മസേനക്കാര്‍ വീട്ടില്‍ വന്നെടുത്തുകൊള്ളും. മറ്റ് സ്ഥലങ്ങളില്‍ നിന്നു വന്ന് ആലത്തൂരില്‍ മാലിന്യം എറിയുന്നവര്‍ ജാഗ്രതൈ, നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാകും.
ജനുവരി ഒന്നു മുതല്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനം നടപ്പാക്കുകയാണ്. ഇതോടൊപ്പം മാലിന്യ സംഭരണത്തിനും സംസ്‌കരരണത്തിനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
32 അംഗ ഹരിത സേന എല്ലാവാര്‍ഡിലെയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കുന്നതിന് 32 അംഗ ഹരിത സേനയെ സജ്ജമാക്കി, മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ പരിശീലനം നല്‍കി. മാലിന്യം ശേഖരിക്കാന്‍ പോകുന്നതിന് ഇവര്‍ക്ക് ഇരുചക്ര, മുച്ചക്ര വാഹനം നല്‍കും. പദ്ധതി നടത്തിപ്പിന് സ്ഥിരം സംവിധാനമായി ഹരിത സേനയെ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യും. വീടുകളില്‍ മാലിന്യം സൂക്ഷിക്കാന്‍ കൂട് നല്‍കും
ജൈവ അജൈവ മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കാന്‍ പ്രത്യേക കൂട് നല്‍കും. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനായി കമ്പോസ്റ്റ് നിര്‍മാണത്തിനുള്ള സംവിധാനം ഒരുക്കാന്‍ സബ്‌സിഡി നല്‍കും. പാല്‍, മത്സ്യം, മാംസം, ഭക്ഷണം എന്നിവയുടെ പ്ലാസ്റ്റിക് കവറുകള്‍ കീറി ഷീറ്റാക്കി കഴുകി ഉണക്കി സൂക്ഷിച്ചുവെക്കണം. പ്ലാസ്റ്റിക് മാലിന്യം മാസത്തിലൊരിക്കല്‍ വന്ന് എടുക്കും.
മരുന്നു കുപ്പി, ഇന്‍ജക്ഷന്‍ സൂചി, കുപ്പി, കുപ്പിച്ചില്ല്, ബള്‍ബുകള്‍, ഇലക്ടോണിക് മാലിന്യം എന്നിവ പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ചുവയ്ക്കണം. വര്‍ഷത്തിലൊരിക്കല്‍ ഇതെടുത്തു കൊണ്ടുപോകും. വീടുകളില്‍ നിന്ന് ദിവസം ഒരു രൂപ നിരക്കില്‍ ഫീസ് ഈടാക്കും. കീടനാശിനികുപ്പി, ചെരുപ്പ്, ഉപയോഗിച്ച സാനിട്ടറി നാപ്കിന്‍, ഡയപ്പര്‍ എന്നിവ അതാത് വീടുകളില്‍ തന്നെ സംസ്‌കരിക്കണം.
കടകളിലെ മാലിന്യം ദിവസവും ശേഖരിക്കുംവ്യാപാരശാലകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ നിന്നും ജൈവ, അജൈവ മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാന്‍ പാത്രം നല്‍കും. എല്ലാ ദിവസവും ഇവിടെ നിന്നുള്ള മാലിന്യം നീക്കം ചെയ്യും. കടകളിലെ മാലിന്യത്തിന്റെ സ്വഭാവത്തിനുസരിച്ച് ദിവസവും 10 മുതല്‍ 20രൂപവരെ ഫീസ് ഈടാക്കും. നഗരം ക്യാമറ നിരീക്ഷണത്തില്‍ പൊതുസ്ഥലത്ത് മനാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി നടപടിയെടുക്കുന്നതിനായി 16 ക്യമറകള്‍ സ്ഥാപിക്കും. മാര്‍ച്ചോടെ സമ്പൂര്‍ണ മാലിന്യ വിമുക്ത ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം നേടും. ഇതിനായി ബോധവല്‍കരണം നടത്തും. ജൈവമാലിന്യം സംസ്‌കരിച്ച് കാട്ടുശ്ശേരിയിലെ പ്ലാന്റില്‍ ജൈവവളം നിര്‍മിച്ച് പാടശേഖര സമിതികള്‍ മുഖേന വിതരണം ചെയ്യുന്ന പദ്ധതി വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."