ആകാശ് മിസൈല്‍ പരാജയമെന്ന് സി.എ.ജി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയുടെ മധ്യദൂര കര- വ്യോമ ആകാശ് മിസൈല്‍ പ്രതിരോധ പദ്ധതി പരാജയമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍ ആറുകേന്ദ്രങ്ങളില്‍ 2015നകം വിന്യസിക്കാനായിരുന്നു പദ്ധതി. ഇതില്‍ ഒന്നുപോലും ഇന്നേവരെ വിന്യസിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സി.എ.ജി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ കുതിപ്പുവേഗം മിസൈലിനുണ്ടായിരുന്നില്ല. പ്രധാന യന്ത്രഭാഗങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതും പരാജയത്തിന് കാരണമായി. അടിയന്തരഘട്ടത്തില്‍ ആകാശിനെ വിശ്വസിച്ച് പ്രയോഗിക്കാന്‍ സാധ്യമല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013- 2015 കാലത്തിനിടയ്ക്ക് ആറ് നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതില്‍ ഒന്നു പോലും വിന്യസിക്കിക്കാനായില്ല. ആകാശ്, ആകാശ് എം.കെ-2 എന്നീ മോഡലുകളിലുള്ള മിസൈലുകള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി 3,600 കോടി രൂപയാണ് സര്‍ക്കാരിന് ചെലവായത്. ഭാരത് ഇലക്ട്രിക് ലിമിറ്റഡ് ആണ് മിസൈലുകള്‍ നിര്‍മിച്ചത്.
ചൈനയുടെ വ്യോമാക്രമണമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ സുപ്രധാനമായ സിലിഗുരി ഇടനാഴിയില്‍ ആകാശ് സ്ഥാപിക്കാനിരിക്കുകയാണ്. 2014 നവംബറിനുള്ളില്‍ ലഭിച്ച 80 മിസൈലുകളില്‍ 20 മിസൈലുകള്‍ അതേ വര്‍ഷം ഏപ്രില്‍- നവംബര്‍ മാസങ്ങള്‍ക്കിടയില്‍ പരീക്ഷണം നടത്തി. അതില്‍ 30 ശതമാനം പരാജയപ്പെട്ടു. രണ്ടു മിസൈലുകള്‍ കുതിച്ചുയരുമ്പോള്‍ തന്നെ പരാജയപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ഇത് വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. മിസൈലിന്റെ പ്രവര്‍ത്തനകാലയളവ് 2017 മാര്‍ച്ചില്‍ അവസാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."