സ്റ്റേഡിയം സ്റ്റാന്റിനു പിന്‍ഭാഗത്തെ മേല്‍ക്കൂര നിര്‍മാണം കടലാസിലൊതുങ്ങി
പാലക്കാട:് നഗരത്തിലെ പ്രധാന ബസ്സ്റ്റാന്റായ നഗരസഭാ സ്റ്റേഡിയം സ്റ്റാന്റിന്റെ പിന്‍വശത്തെ മേല്‍ക്കൂര നിര്‍മാണം കടലാസിലൊതുങ്ങിയിട്ട് വര്‍ഷങ്ങള്‍. സ്റ്റാന്റിന്റെ കിഴക്കുഭാഗത്ത് ബസുകള്‍ നിര്‍ത്തുന്നഭാഗത്തെ ട്രാക്കുകള്‍ക്കു മുകളില്‍ സ്ഥാപിക്കാനിരുന്ന മേല്‍കൂര നിര്‍മാണം അധികാരികള്‍ മറന്നിരിക്കുന്നു.
ബസുകള്‍ ഇല്ലാതിരുന്ന സ്റ്റാന്റിന്റെ പിന്‍ഭാഗത്ത് ടൗണ്‍സ്റ്റാന്റില്‍ നിന്നും തൃശൂര്‍ ബസുകളെ മാറ്റിയപ്പോഴാണ് നഗരസഭ ഇങ്ങനെയൊരു പദ്ധതിയിട്ടത്.
അന്നു വിരലിലെണ്ണാവുന്ന തൃശൂര്‍ ബസുകള്‍ മാത്രമാണ് പിന്‍ഭാഗത്ത് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പിറകുവശത്തെ ട്രാക്കുകള്‍ നിറയെ ബസുകളാണ്.
തൃശൂര്‍ ബസുകള്‍ക്കു ശേഷം മുന്‍സിപ്പല്‍ സ്റ്റാന്റില്‍ നിന്നും നെന്മാറ, കൊടുവായൂര്‍ ബസുകള്‍ വന്നതിനു ശേഷം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നും പൊള്ളാച്ചി ബസുകളും ഇങ്ങോട്ട് ചേക്കേറി. എന്നാല്‍, സമീപകാലത്ത് മുന്‍സിപ്പല്‍ സ്റ്റാന്റ് തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലേക്ക് മാറ്റിയ ബസുകളില്‍ തച്ചങ്കാട്, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി ബസുകളിപ്പോള്‍ സ്റ്റാന്റിന്റെ പിന്‍ഭാഗത്തെ ട്രാക്കുകളിലാണ് നിര്‍ത്തിയിടുന്നത്.
നിരവധി ബസുകളും ആയിരക്കണക്കിന് യാത്രക്കാരും പിന്‍ഭാഗത്തെ ട്രാക്കുകളില്‍ വന്നു പോകുന്നുണ്ട്. തൃശൂര്‍ ബസുകള്‍ മാറിയ സമയത്ത് മേല്‍ക്കൂര നിര്‍മാണത്തിനായി അളവെടുക്കലുമൊക്കെ നടത്തിയെങ്കിലും കാലാവധി കഴിഞ്ഞുപോയ ഭരണസമിതിക്കൊപ്പം പദ്ധതിയും അവതാളത്തിലായി.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ വന്നപ്പോള്‍ ഇരിക്കാനായി രണ്ടുമൂന്നു കസേരകള്‍ ഇട്ടതൊഴിച്ചാല്‍ മറ്റു സൗകര്യങ്ങളൊന്നും ഇല്ല. കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ അഡ്വാന്‍സും ഭീമമായ വാടകയും ഇടാക്കുന്ന ഭരണ സമിതി സ്റ്റാന്റിലെ യാത്രക്കുരുടെയും വ്യാപാരികളുടെയും ദുരവസ്ഥയ്ക്കുനേരെ മുഖം തിരിക്കുകയാണ്.
കൂടുതല്‍ ബസുകള്‍ വന്നതോടെ തിരക്കേറിയ സ്റ്റേഡിയം സ്റ്റാന്റിന്റെ പിന്‍ഭാഗത്തെ ട്രാക്കുകളില്‍ യാത്രക്കാര്‍ക്കായി മേല്‍കൂര നിര്‍മാണം അടിയന്തിരഘട്ടത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."