8,228 കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ അനുമതിതേടി തച്ചങ്കരി
തിരുവനന്തപുരം: 8,228 കരാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ അനുമതിതേടി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാരിനെ സമീപിച്ചു. അധികമുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനാണ് തച്ചങ്കരി അനുമതി തേടിയത്. ഇവരെ പിരിച്ചുവിടാന്‍ അനുമതി തന്നില്ലെങ്കില്‍ മറ്റു സ്ഥാപനങ്ങളില്‍ പുനര്‍വിന്യസിക്കുകയോ ശമ്പളയിനത്തില്‍ ചെലവാകുന്ന പണം സര്‍ക്കാര്‍ നല്‍കുകയോ ചെയ്യണമെന്നാണ് തച്ചങ്കരിയുടെ ആവശ്യം.
കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയ്ക്കാനുള്ള നിര്‍ദേശങ്ങളെന്ന പേരിലാണ് കടുത്ത നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിതേടി തച്ചങ്കരി കത്തുനല്‍കിയിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള ജീവനക്കാരെ പെന്‍ഷന്‍നല്‍കി പിരിച്ചുവിടാന്‍ അനുമതി നല്‍കുക, ഇവരുടെ കാറ്റഗറിമാറ്റം നിര്‍ത്തുക, സ്ഥാനക്കയറ്റങ്ങള്‍ പൂര്‍ണമായും പൊളിച്ചെഴുതുക, ആശ്രിത നിയമനത്തില്‍ ഏറ്റവും താഴ്ന്ന തസ്തികയിലെത്തി ഏറ്റവും ഉയര്‍ന്ന തസ്തികയുടെ പെന്‍ഷന്‍ പറ്റുന്ന നിയമം എടുത്തുകളയുക, ആശ്രിത നിയമനത്തിന് ശതമാനം നിശ്ചയിക്കുക, കരാര്‍ ജീവനക്കാര്‍ക്ക് പിന്‍വാതിലിലൂടെ സ്ഥിരംനിയമനങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുക, പി.എസ്.സി വഴി മാത്രം നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും കത്തിലുണ്ട്.
വിദ്യാര്‍ഥികളുടേതും കെ.എസ്.ആര്‍.ടി.സിയിലെ 28,105 പെന്‍ഷന്‍കാരുടേതുമടക്കം മുഴുവന്‍ സൗജന്യ പാസുകളും നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കില്‍ പ്രതിമാസം 53.87 കോടി രൂപ സര്‍ക്കാര്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ സ്വകാര്യ ഇടപെടലിന് വഴിവയ്ക്കുന്ന നിര്‍ദേശങ്ങളും തച്ചങ്കരി സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി ഇനിമുതല്‍ വാഹന സര്‍വിസ് മാത്രം നടത്തുക, അറ്റകുറ്റപ്പണി അടക്കമുള്ളവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുക, സ്വന്തമായി ബസ് വാങ്ങുന്നത് അവസാനിപ്പിക്കുക, സ്വകാര്യ ബസുകള്‍ റൂട്ടുകള്‍ സഹിതം വാടകയ്‌ക്കെടുത്ത് ഓടിക്കുക, ഇങ്ങനെ ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് കിലോമീറ്ററിന് 15 രൂപ വാടക നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്. ലാഭത്തിന്റെ കണക്കും വിശദമാക്കുന്നുണ്ട്. ഇപ്പോള്‍ ഒരു കിലോമീറ്റര്‍ ബസ് ഓടിക്കുന്നതിനായി 12.16 രൂപ അറ്റകുറ്റപ്പണിക്കായി ചെലവാകുന്നു. എന്നാല്‍, വാഹനം നിര്‍മിച്ചുനല്‍കിയ കമ്പനിക്ക് അറ്റകുറ്റപ്പണി നല്‍കിയാല്‍ കിലോമീറ്ററിന് നാലു രൂപ മാത്രമേ ചെലവ് വരികയുള്ളൂവെന്നും ഇതിലൂടെ ഒരുവര്‍ഷം 434 കോടി രൂപ ലാഭം കിട്ടുമെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടുന്നു.
നിലവിലെ 93 ഡിപ്പോകളില്‍ 35 എണ്ണം തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനായി മാത്രമുള്ളതാണെന്നും ഇത്തരം ഡിപ്പോകളിലെ വര്‍ക്ക്‌ഷോപ്പുകളെ അടുത്തുള്ളവയുമായി യോജിപ്പിച്ചാല്‍ പ്രതിമാസം 18.27 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും പണം കടംവാങ്ങി ബസ് വാങ്ങുന്നത് നിര്‍ത്തലാക്കി കട്ടപ്പുറത്തുള്ള 1,400ഓളം ബസുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയ പരിഗണനയില്ലാതെ പ്രൊഫഷനല്‍സിനെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം കാലോചിതമായി പരിഷ്‌കരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തൊഴിലാളികളെ പിരിച്ചുവിടലടക്കമുള്ള തച്ചങ്കരിയുടെ നടപടികള്‍ക്കെതിരേ യൂനിയന്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."